ഇസ്രായേലിലേക്ക് ഹിസ്ബുല്ലയുടെ മിസൈല്‍ വര്‍ഷം; അയച്ചത് 170 മിസൈലുകള്‍; സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ല: ഷെയ്ഖ് നഈം ഖാസിം
ബെയ്‌റൂത്ത്: ഇസ്രായേലിന്റെ ലെബനന്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഹിസ്ബുല്ല. വടക്കന്‍ ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. റോക്കറ്റുകളില്‍ ചിലത് ഇസ്രായേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഹിസ്ബുല്ലയുടെ നേതൃചുമതലയുള്ള ഷെയ്ഖ് നഈം ഖാസിം അവകാശപ്പെട്ടു. ഇസ്രായേല്‍ കൊന്നൊടുക്കിയ സംഘടനയുടെ കമാന്‍ഡര്‍മാര്‍ക്ക് പകരം പുതിയ നേതാക്കള്‍ അധികാരമേറ്റിട്ടുണ്ട്. ഇസ്രായേല്‍ ഒരാഴ്ചയായി നടത്തുന്ന കരയാക്രമണത്തിന് ലെബനനിലേക്ക് മുന്നേറാനായിട്ടില്ലെന്നും ഖാസിം വ്യക്തമാക്കി.
അതേസമയം, ഹസന്‍ നസ്‌റുല്ല വധിക്കപ്പെട്ടതിനു പിന്നാലെ ഹിസ്ബുല്ലയുടെ തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദീനും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്. കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേല്‍ സഫിയുദ്ദീനെ ലക്ഷ്യമിട്ട് ബെയ്റൂത്തില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സഫിയുദ്ദീനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.