അന്താരാഷ്ട്ര കപ്പലുകള്‍ക്ക് യെമന്റെ നിര്‍ദേശം; സമുദ്രാതിര്‍ത്തി കടക്കുന്ന കപ്പലുകള്‍ അനുമതി നേടണം
സനാ: യെമന്റെ സമുദ്ര പരിധിയില്‍ പ്രവേശിക്കും മുമ്പ് മുഴുവന്‍ കപ്പലുകളും യെമന്‍ സര്‍ക്കാരിന്റെ അനുമതി നേടണമെന്ന് യെമനി ടെലികോം മന്ത്രി മിസ്ഫര്‍ അല്‍ നുമയ്ര്‍. ചെങ്കടലിനടിയിലെ നാല് ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളെ തകിടം മറിക്കുമെന്നും കഴിഞ്ഞ വാരം ഹോങ് കോങ് ആസ്ഥാനമായ ടെലികോം കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെമന്റെ പുതിയ നീക്കം.
'യെമനി നാവിക സേനയുടെ കപ്പലുകള്‍ വഴി പെര്‍മിറ്റുകള്‍ക്കും തിരിച്ചറിയലിനുമുള്ള അഭ്യര്‍ത്ഥനകളില്‍ സഹായിക്കുവാന്‍ യെമനി ടെലികോം മന്ത്രാലയം സന്നദ്ധമാണ്. കപ്പലുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുള്ളതിനാല്‍ പെര്‍മിറ്റ് നേടേണ്ടത് വളരെ അത്യാവശ്യമാണ്,' യെമന്റെ അല്‍ മസിറഹ് ടി.വി നെറ്റ്വര്‍ക്ക് വഴി അല്‍ നുമയ്ര്‍ പറഞ്ഞു.
എന്നാല്‍ കടലിനടിയിലെ കേബിളുകള്‍ തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം ഹൂത്തികള്‍ നിഷേധിച്ചിരുന്നു. പ്രദേശത്തെ രാജ്യങ്ങളുടെ ഇന്റര്‍നെറ്റ് സേവനം ഇല്ലാതാകുന്ന നടപടി തങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ഹൂത്തികള്‍ അറിയിച്ചത്. അതേസമയം യെമനി തുറമുഖ നഗരമായ ഏദനില്‍ നിന്ന് 91 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഒരു കപ്പലിന് നേരെ സ്‌ഫോടനമുണ്ടായെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സിയും ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനമായ ആംബ്രെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആളപായമില്ലെന്നും കപ്പല്‍ അടുത്ത തുറമുഖം ലക്ഷ്യമാക്കി നീങ്ങിയെന്നുമാണ് ആംബ്രെയുടെ റിപ്പോര്‍ട്ട്.സിങ്കപ്പൂരില്‍ നിന്ന് ജിബൂത്തിയിലേക്ക് യാത്ര നടത്തുന്ന ഇസ്രായേല്‍ ബന്ധമുള്ള കപ്പലാണ് ഇതെന്നാണ് വിവരം. അതേസമയം അറബിക്കടലില്‍ വെച്ച് എം.എസ്.സി സ്‌കൈ എന്ന കപ്പലിനെ തങ്ങള്‍ ആക്രമിച്ചതായി യെമനി സേന അറിയിച്ചു.