ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലാന്‍ഡ്; പാകിസ്താനേക്കാള്‍ പിറകില്‍ ഇന്ത്യ

ലണ്ടന്‍: ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമെന്ന പദവി തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഫിന്‍ലാന്‍ഡ് നിലനിര്‍ത്തി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് കീഴിലെ വെല്‍ബീയിങ് റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് ആദ്യ അഞ്ച് റാങ്കിലുള്ളത്. ഈ രാജ്യങ്ങളിലെ ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ജീവിതത്തിന്റെ ഗുണനിലവാരവും മികച്ച ജോലി-ജീവിത അനുപാതവുമാണ് ഇവര്‍ മുന്നിലെത്താന്‍ കാരണം.
സന്തോഷം പണത്തിന്റെ മാത്രം കാര്യമല്ലെന്നും വിശ്വാസം, ബന്ധം, പിന്തുണ എന്നിവയുടെയും കാര്യമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജോണ്‍ ക്ലിഫ്റ്റണ്‍ പറഞ്ഞു. സന്തോഷ പട്ടികയില്‍ പാകിസ്താന്റെ സ്ഥാനം 108 ആണ്. ഇന്ത്യയ്ക്ക് 118ാം സ്ഥാനമാണുള്ളത്. പാകിസ്താനില്‍ ഇന്ത്യയേക്കാള്‍ ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണിത്. അതേസമയം, ലോകത്തെ ഏറ്റവും ശക്തമായ രാജ്യമെന്ന് അവകാശപ്പെടുന്ന യുഎസിന്റെ സ്ഥാനം 24 ആണ്. ആളുകള്‍ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് വര്‍ധിച്ചുവരുന്നതാണ് യുഎസിലെ സന്തോഷത്തിന്റെ കുറവിന് കാരണം. സിംബാവേ, മലാവി, ലബ്‌നാന്‍, സിയറ ലിയോണ്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും പുറകില്‍.