കൊറോണ വൈറസ് ബാധ അഞ്ചായി; വിമാന സർവീസുകൾ റദ്ദ് ചെയ്തു തുടങ്ങി
നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന കുവൈത്ത് താമസ രേഖയുള്ളവർക്കും സന്ദർശക വിസയിൽ വരാനിരിരിക്കുന്നവർക്കും രാജ്യത്തേക്ക് പ്രവേശന വിലക്ക് ഉണ്ടായിരിക്കുന്നതാണ്.
കുവൈത്ത് സിറ്റി : കുവൈത്തിൽ 2 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി കുനയാണ് വിവരം പുറത്ത് വിട്ടത്. ഇറാനിൽ നിന്ന് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരാണ്. ഇന്നലെ കാലത്ത് 3 പേർക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ഇതേത്തുടർന്ന് കുവൈത്തിൽ ദക്ഷിണ കൊറിയ , തായ്‌ലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തി വെച്ചു. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന കുവൈത്ത് താമസ രേഖയുള്ളവർക്കും സന്ദർശക വിസയിൽ വരാനിരിരിക്കുന്നവർക്കും രാജ്യത്തേക്ക് പ്രവേശന വിലക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നതും നിർത്തലാക്കിയതായി സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.
എന്നാൽ ഈ രാജ്യങ്ങളിൽ കഴിയുന്ന കുവൈത്ത് സ്വദേശികളെ രാജ്യത്ത് ഇറങ്ങുന്ന മുറക്ക് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതാണ്. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ചൈന , ബാങ്കോക്ക്, ഇറാൻ , ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് കുവൈത്ത് കഴിഞ്ഞ ദിവസങ്ങളിൽ നിർത്തലാക്കിയിരുന്നു. ഈ രാജ്യങ്ങളിൽ കഴിയുന്നവർക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു.
രോഗ പ്രതിരോധത്തിനായി അണിയുന്ന മുഖാവരണത്തിനു വില വർദ്ധിപ്പിച്ച ആറു മെഡിക്കൽ സ്റ്റോറുകൾ അടച്ചു പൂട്ടി. വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കുവൈത്തിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി.