കുവൈത്തിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും
കുവൈത്തിലുള്ള ഏകദേശം 160000 അനധികൃത താമസക്കാരില്‍ 25000 പേര്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. പൊതുമാപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുമ്പ് നിശ്ചയിച്ചപ്രകാരം ഏപ്രില്‍ 30 ആയിരിക്കും പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനുള്ള അവസാന തീയതിയെന്നും മന്ത്രാലയം വ്യക്തമാക്കി.
അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പിനോടനുബന്ധിച്ചുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിനായി എത്തിയ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെ റിപോര്‍ട്ടുകള്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലെ അവലോകനം ചെയ്തു.
ചില രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത താമസക്കാര്‍ തിരിച്ചുപോകുന്നതിനുള്ള തീയതി ഇനിയും നിശ്ചയിക്കാത്തത് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 30ന് അവസാനിക്കുന്ന പൊതുമാപ്പിനോട് അനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തിയത് കുവൈത്തിലുള്ള ഏകദേശം 160000 അനധികൃത താമസക്കാരില്‍ 25000 പേര്‍ മാത്രമാണെന്നും 135000 പേര്‍ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാതെ താമസസ്ഥലങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.