ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ധന വില കുറക്കാത്ത നടപടി ജനദ്രേഹപരം: ഐഎസ്എഫ്

ക്രൂഡ് ഓയില്‍ ഏറ്റവും ഉയര്‍ന്ന വിലയായ 160 ഡോളര്‍ എത്തിയിരുന്ന 2008 ല്‍ പോലും പെട്രോള്‍ വില 45 രൂപ ആയിരുന്നു. 2009 തുടക്കത്തില്‍ അത് വീണ്ടും 40 രൂപയിലേക്ക് താഴുകയും ചെയ്തു.

Update: 2020-03-10 16:37 GMT

അബഹ: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില ശരാശരിയിലും കുറവ് വന്നിട്ടും ഇന്ധന വിലയില്‍ കുറവ് വരുത്താത്തത് ജനങ്ങളെ കൊള്ളയിടിക്കാന്‍ വേണ്ടിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി അഭിപ്രായപെട്ടു.

ആഗോള വില നിലവാരത്തിനനുസരിച്ച് വിലയില്‍ മാറ്റം വരുത്താനുള്ള അവകാശം എണ്ണകമ്പനികള്‍ക്കാണെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ഇടപെടുന്ന ഗവണ്‍മെന്റ് എണ്ണകമ്പനികളുടെ ലാഭത്തിന് വേണ്ടി മിണ്ടാതിരിക്കുന്നതും ജനങ്ങളെ കൊള്ള ചെയ്യുന്നതിന് സമമാണ്. ജനജീവിതം സംഘര്‍ഷഭരിതമാക്കി അടിസ്ഥാന വിഷയങ്ങളിലെ അപാകതകളും ഭരണ പരാജയങ്ങളും മറച്ചു വെക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും സെന്‍്ട്രല്‍ കമ്മറ്റി കുറ്റപ്പെടുത്തി.

ക്രൂഡ് ഓയില്‍ ഏറ്റവും ഉയര്‍ന്ന വിലയായ 160 ഡോളര്‍ എത്തിയിരുന്ന 2008 ല്‍ പോലും പെട്രോള്‍ വില 45 രൂപ ആയിരുന്നു. 2009 തുടക്കത്തില്‍ അത് വീണ്ടും 40 രൂപയിലേക്ക് താഴുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് വലിയ തോതില്‍ വില കൂട്ടുകയും നാമമാത്രമായ സംഖ്യ കുറക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ക്രൂഡ് ഓയില്‍ വില ശരാശരി അറുപത് ഡോളറില്‍ താഴെ നില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ധന വിലയില്‍ കാര്യമായ കുറവ് വരുത്തി സാധാരണക്കാന് ആശ്വാസം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്നും സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള, ഡല്‍ഹി സ്‌റ്റേറ്റ് കമ്മിറ്റികളുടെ കീഴില്‍ വിപുലമായ പ്രതിഷേധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. സലീം കര്‍ണ്ണാടക, ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. ഹനീഫ ചാലിപ്രം നന്ദി രേഖപ്പെടുത്തി. 

Similar News