പ്രവാസികളുടെ യാത്രാദുരിതം; ഓൺലൈൻ പെറ്റീഷൻ കാംപയിൻ ഉദ്ഘാടനം ചെയ്തു
ഇമെയിൽ പെറ്റിഷൻ ക്യാമ്പയിനിൽ എല്ലാ പ്രവാസികളായ ഇന്ത്യക്കാരും പങ്കാളികളാകണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ അറിയിച്ചു.
അബഹ: സൗദി അറേബ്യയുടെ തെക്കൻ പ്രദേശമായ അസീർ മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാരുടെ മടക്കയാത്രക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്കും അനാവശ്യ സാമ്പത്തിക ചിലവുകൾക്കും ഉടനടി പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി നടത്തുന്ന ഓൺലൈൻ ഇമെയിൽ പെറ്റീഷൻ കാംപയിൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർ സലീം മംഗലാപുരം നിർവഹിച്ചു.
സൗദിയിലെ തെക്കൻ മേഖലയിലെ പ്രവാസികൾക്ക് ഇപ്പോൾ നാട്ടിൽ പോകണമെങ്കിൽ 700 മുതൽ 1400 കിലോമീറ്റർ ദൂരെയുള്ള ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങൾ വഴി മാത്രമേ കഴിയുകയുള്ളു. ഗർഭിണികളും, രോഗികളും, പ്രായമായവരും സന്ദർശന വിസയിൽ ഇവിടെ എത്തി കുടുങ്ങി കിടക്കുന്നവരും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്ക് ഇത്രയും ദൂരമുള്ള യാത്ര ഏറെ പ്രയാസകരവും സാമ്പത്തിക ചിലവേറിയതുമാണ്.
ലോക്ക് ഡൌൺ കാരണം കുടുങ്ങി കിടക്കുന്ന പ്രവാസികളെ അബഹ വിമാനത്താവളം വഴി കുറഞ്ഞ ചിലവിൽ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ കോൺസുലേറ്റ്, എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അധികാരികൾക്ക് ഓൺലൈൻ വഴി അയക്കുന്ന ഇമെയിൽ പെറ്റിഷൻ ക്യാമ്പയിനിൽ എല്ലാ പ്രവാസികളായ ഇന്ത്യക്കാരും പങ്കാളികളാകണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ അറിയിച്ചു.
https://www.ipetitions.com/petition/request-the-govt-of-india-to-repatriate-all എന്ന ലിങ്ക് തുറന്ന് SIGN PETITION എന്ന പച്ച ബട്ടണിൽ ക്ലിക്ക് ചെയ്ത് പൊതുജനങ്ങളും ഇതിൽ സഹകരിക്കണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.