പ്രവാസികള്‍ ക്വാറന്റെന്‍ ചെലവ് സ്വയം വഹിക്കണമെന്ന നിലപാട് തിരുത്തണം: കേരളാ പ്രവാസി ഫോറം

Update: 2020-05-27 10:06 GMT

കോഴിക്കോട്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇവാക്വേഷന്‍ വിമാനങ്ങളിലടക്കം കേരളത്തിലേക്ക് ആശ്വാസം തേടിയെത്തുന്ന രോഗികളും ജോലി നഷ്ടപ്പെട്ടവരുമൊക്കെയായ പ്രവാസികളില്‍നിന്ന് ക്വാറന്റൈന്‍ ചെലവ് ഈടാക്കുമെന്ന തീരുമാനം നാളിതുവരെ സര്‍ക്കാരുകള്‍ പ്രവാസികളോട് തുടര്‍ന്നുപോവുന്ന അവഗണനകളുടെ തുടര്‍ച്ചയാണെന്നു കേരളാ പ്രവാസി ഫോറം പ്രസ്താവിച്ചു. ആദ്യഘട്ടത്തില്‍ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പറയുകയും പിന്നീട് അതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ മുന്നൊരുക്കമില്ലാതെയുള്ള മുഖം മിനുക്കലിന്റെ ഭാഗമായുള്ള പ്രചാരണങ്ങളാണിതെല്ലാം എന്നാണ് മനസ്സിലാക്കുന്നത്.

    സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ ടിക്കറ്റെടുത്ത്, ജോലി നഷ്ടപ്പെട്ടും സന്ദര്‍ശന വിസയുടെ കാലാവധി തീര്‍ന്നും നാട്ടിലേക്കു പോവാന്‍ തയ്യാറായി നില്‍ക്കുന്ന പാവപ്പെട്ട പ്രവാസികളോട് കടുത്ത ചതിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവാസികള്‍ ദശാബ്ദങ്ങളായി കേരള സമ്പദ്ഘടനയുടെ നട്ടെല്ലാണ്. എല്ലാ കക്ഷികളും അവരുടെ സംഭാവനകള്‍ യഥേഷ്ടം സ്വരൂപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവരുടെ പ്രതിസന്ധിയില്‍ കൈയൊഴിയുന്ന നിലപാട് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തിരുത്തണമെന്നും കേരള പ്രവാസി ഫോറം ഷാര്‍ജ പ്രതിനിധികളായ അബൂബക്കര്‍ പോത്തനൂര്‍, നസീര്‍ ചുങ്കത്ത്, നിയാസ് ആക്കോട്, ഹാഷിം പാറക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


Tags:    

Similar News