വംശീയരാഷ്ട്രീയം ജനാധിപത്യമൂല്യങ്ങളെ തിരസ്‌കരിക്കുന്നു: ഐഐസി ഐക്യദാര്‍ഢ്യസംഗമം
കറുത്തവന്റെ ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അമേരിക്കന്‍ ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ വംശീയതയ്‌ക്കെതിരായ ആഗോളകൂട്ടായ്മയിലേക്ക് നയിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ചിന്തകനും എഴുത്തുകാരനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.
കുവൈത്ത്: മഹാമാരിയുടെ കാലത്തും ഇരകളെയും ദുര്‍ബലരെയും വേട്ടക്കാരായി ചിത്രീകരിക്കുന്ന ആഗോള വംശീയരാഷ്ട്രീയത്തെ ജനാധിപത്യസമരങ്ങളിലൂടെ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് 'മര്‍ദിതരോടൊപ്പം, മനുഷ്യരോടൊപ്പം' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ വെബ്ബിനാര്‍ ആഹ്വാനം ചെയ്തു. കറുത്തവന്റെ ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അമേരിക്കന്‍ ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ വംശീയതയ്‌ക്കെതിരായ ആഗോളകൂട്ടായ്മയിലേക്ക് നയിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ചിന്തകനും എഴുത്തുകാരനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.
വെളുപ്പിന്റെയും ബ്രാഹ്മണിസത്തിന്റെയും ശ്രേഷ്ഠവല്‍ക്കരിക്കുന്ന രാഷ്ട്രീയ ഫിലോസഫികള്‍ക്കെതിരേ ബൗദ്ധികസംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ദുര്‍ബലന്റെ കഴുത്തില്‍ വയ്ക്കപ്പെടുന്ന കാല്‍മുട്ടുകള്‍ എടുത്തുമാറ്റാന്‍ ലോകസമൂഹം മുന്നോട്ടുവരേണമെന്നും അദ്ദേഹം പറഞ്ഞു. അക്രമരഹിത ഗാന്ധിയന്‍ സമരത്തിന്റെ പുതിയ പരീക്ഷണങ്ങളുമായി ഇന്ത്യന്‍ ഫാഷിസത്തെ തെരുവില്‍ ചോദ്യംചെയ്ത സമരയൗവനത്തെ നിശബ്ദമാക്കാനും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ജനാധിപത്യസമരങ്ങളെ അടിച്ചൊതുക്കാനുമുള്ള ഭരണഗൂഢ ഭീകരതയ്‌ക്കെതിരേ നിഷ്‌ക്രിയമായിരിക്കാന്‍ സാധിക്കില്ല.
രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി ഗര്‍ഭിണിയെ പോലും തടവറയിലാക്കിയ അധികാരികള്‍ക്ക് ജനാധിപത്യസമരങ്ങളുടെ കുത്തൊഴുക്കിനെ പിടിച്ചുകെട്ടാന്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. കൊവിഡ് മഹാമാരിയുടെ ആനുകൂല്യത്തില്‍ നിര്‍ത്തിവയ്ക്കപ്പെട്ട ജനകീയപോരാട്ടങ്ങളുടെ തുടര്‍ച്ചയുടെ അനിവാര്യതയിലേക്കാണ് ഡല്‍ഹി കലാപവുമായി നടന്നുവരുന്ന ഏകപക്ഷീയ അറസ്റ്റ് നാടകങ്ങള്‍ ഇന്ത്യന്‍ ജനതയെ കൊണ്ടുപോവുന്നതെന്ന് സംഗമത്തെ അഭിസംബോധന ചെയ്ത കെ എന്‍ എം സെക്രട്ടറി ഡോ:ജാബിര്‍ അമാനി അഭിപ്രായപ്പെട്ടു. അമേരിക്കയിലും ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വംശവെറിയുടെ രാഷ്ട്രീയത്തിനെതിരേ തെരുവുകള്‍ നല്‍കുന്ന ശക്തമായ താക്കീതുകള്‍ അധികാരികളുടെ കണ്ണുകള്‍ തുറപ്പിക്കേണ്ടതുണ്ട്.
രാജ്യത്തെ സാമ്പത്തികമായും സാമുദായികമായും തകര്‍ത്തുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള നിശബ്ദതയ്ക്ക് ഇന്ത്യന്‍ ജനത വലിയവില നല്‍കേണ്ടിവരുമെന്നും വെബ്ബിനാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കുവൈത്തും യുഎഇ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസംഗമത്തില്‍ യുഎഇ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ഐഐസി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം സംസാരിച്ചു. ഐഐസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി സലഫി അധ്യക്ഷനായിരുന്നു.