പ്രവാസികളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: പ്രവാസി ഫോറം

Update: 2020-04-12 07:59 GMT

കോട്ടയം: കൊവിഡ് ദുരിതം പേറുന്ന പ്രവാസി സമൂഹത്തെ കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നല്ലാതെ ഫലപ്രദമായ ഒരു പരിഹാരം മാര്‍ഗങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു. നിന്നുമുണ്ടായിട്ടില്ലെന്ന് പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് സുലൈമാന്‍ മൗലവി. നോര്‍ക്ക റൂട്‌സ് പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ച ക്വിക് ഡോക്ടര്‍. കോം(Quik Dr. Com)എന്ന ഓണ്‍ലൈന്‍ സേവനം ഒഴിച്ചാല്‍ പ്രവാസികള്‍ക്കായി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമുണ്ടായില്ല. സേവനം ഫലപ്രദമായി വിനിയോഗിക്കുവാനുള്ള അറിവും സൗകര്യവും ഉള്ള എത്രപേര്‍ പ്രവാസി സമൂഹത്തിലുണ്ടാവുമെന്ന ചോദ്യവും കാണേണ്ടതാണ്. ലേബര്‍ ക്യാംപുകളില്‍ രണ്ടും മൂന്നും നിലയുള്ള കട്ടിലുകളില്‍ ഒരുമിച്ചു പത്തും പതിനഞ്ചും പേരൊന്നിച്ചു കഴിയുന്ന അവിദഗ്ധ പ്രവാസി തൊഴിലാളികള്‍ ടെലിഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളില്ലാത്ത, ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ അറിയാത്ത ഒട്ടനവധി ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ഗള്‍ഫ് മേഖലയില്‍ മാത്രം ചേക്കേറിയിട്ടുണ്ട്. അവരും ഇന്ത്യന്‍ പൗരന്മാരാണ്. കൊവിഡ് രോഗ ബാധിതനായ റൂം മേറ്റിന്റെ കൂടെ ഒരേ റൂമില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്ന പല പ്രവാസികളുടെയും ദാരുണമായ അനുഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. ഇക്കാലത്തും പല ജിസിസി രാജ്യങ്ങളിലും വിദേശികള്‍ മാത്രം ജോലി ചെയ്യുകയും സ്വദേശികള്‍ സുരക്ഷിത താവളങ്ങളില്‍ കഴിയുകയും ചെയ്യുന്നുവെന്ന വാര്‍ത്തയും വന്നുകൊണ്ടിരിക്കുന്നു. പ്രവാസി കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കാര്യമായ പരിഗണന പലപ്പോഴും ലഭിക്കുന്നില്ലെന്നാണ് ഇതില്‍ നിന്നു മനസ്സിലാവുന്നത്. വര്‍ങ്ങളായി തങ്ങളുടെ വേണ്ടപ്പെട്ടവരെ ഒരു നോക്ക് കാണാന്‍ നാട്ടില്‍ കാത്തിരിക്കുന്ന വര്‍ക്ക് അവരുടെ ശവശരീരം പോലും കാണാനുള്ള ഭാഗ്യം നഷ്ടപ്പെടുന്നു. മനുഷ്യന്‍ അടക്കമുള്ള എല്ലാ ജീവികള്‍ക്കും ആപദ്ഘട്ടങ്ങളില്‍ അവരവരുടെ താവളങ്ങളിലേക്ക് ചേക്കേറാനുള്ള നൈസര്‍ഗികമായ ആഗ്രഹം സാധാരണമാണെന്നിരിക്കെ ജീവിതത്തിന്റെ നല്ലകാലമത്രയും വീടിനും കുടുംബത്തിനും രാജ്യത്തിനും വേണ്ടി നഷ്ടപ്പെടുത്തി വേണ്ടപ്പെട്ടവരെ കാണാതെ അവസാന ഒറ്റപ്പെടല്‍ അതനുഭവിക്കുന്നവര്‍ക്കേ മനസ്സിലാവൂ.

    രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത പിടിച്ചുനിര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാവതല്ല. കൊവിഡ് കാലം കഴിഞ്ഞാലും വീണ്ടുമൊരു പ്രവാസി സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് മാത്രമേ രാജ്യത്തെ ദാരിദ്ര്യ മുക്തമാക്കുവാന്‍ കഴിയുകയുള്ളുവെന്ന യാഥാര്‍ഥ്യം വിസ്മരിച്ചു കൂടാ. അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അവസ്ഥകള്‍ വളരെ ദയനീയമാണെന്നറിയാന്‍ കഴിഞ്ഞു. ശരിയായ പരിഗണനയോ സുരക്ഷിതത്വമോ മുന്‍കരുതലുകളോ ഇല്ലാതെ ജോലി ചെയ്ത് പലരും രോഗത്തിന്റെ പിടിയിലകപ്പെട്ട് ദുരിതം പേറി കഴിയുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പുറത്തു വിടുകയുണ്ടായി. ക്വാറന്റൈനില്‍ കഴിയുന്ന നഴ്‌സ്മാരെപ്പോലും നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുന്ന അനുഭവം പലരും ചാനലുകളില്‍ പങ്കുവയ്ക്കുകയുണ്ടായി.

    പുറത്തിറങ്ങിയാല്‍ വലിയ പെനാല്‍റ്റി കൊടുക്കേണ്ടിവരുന്ന ഭയപ്പാടിന്റെ ലോകത്ത് ചികില്‍സയോ ഭക്ഷണമോ ലഭിക്കാതെ ദിവസങ്ങളായി റൂമുകകളില്‍ പേടിച്ചു കഴിയുന്ന, ഇന്നോ നാളെയോ തനിക്കും രോഗം പിടിപെട്ട് ഇവിടെ മരിച്ചുവീഴുമെന്ന ആശങ്കയില്‍ കഴിയുന്ന സാധാരണക്കാരായ പ്രവാസികളുടെ തേങ്ങലുകള്‍ നമുക്കൂഹിക്കാവുന്നതിലുമപ്പുറമാണ്. വിദേശ രാജ്യങ്ങളിലുള്ള പല പ്രവാസി സന്നദ്ധ സംഘടനകളുടെയും കാര്യക്ഷമമായ ഇടപെടലുകള്‍ മാത്രമാണ് സാധാരണക്കാരായ പല പ്രവാസികളുടെയും ആശ്വാസം. ആന്ധ്രയിലെ നെല്ലൂരില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയ മകനെ വീട്ടിലെത്തിക്കാന്‍ റസിയ ബീഗം എന്ന സ്‌കൂള്‍ അധ്യാപിക തെലങ്കാനയില്‍ നിന്നു 1400 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ചു മാതൃസ്‌നേഹം തെളിയിച്ചെങ്കില്‍, പ്രവാസികളായ മക്കളെ ഓര്‍ത്തു നിസ്സഹായരായി രാപകല്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് മാതാപിതാക്കള്‍ നമ്മുടെ നാട്ടിലുമുണ്ടെന്നോര്‍ക്കണം.

    മുഖ്യമന്ത്രിയടക്കമുള്ള ഒട്ടനവധി ജനപ്രതിനിധികളും പ്രവാസി സംഘടനകളും ഒന്നടങ്കം കേന്ദ്രത്തിലിടപെടുകയും പലരും പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് സുപ്രിം കോടതിയെ സമീപിച്ചിട്ടും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എമിരേറ്റ്‌സ്, ഫ്‌ളൈ ദുബയ് തുടങ്ങിയ കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. നിലവിലുള്ള സാഹചര്യം വിലയിരുത്തുമ്പോള്‍ ലോക്കഡോണും നിയന്ത്രണങ്ങളും നീണ്ടുപോവാനാണ് സാധ്യത. ഈ അവസ്ഥയില്‍ പ്രവാസികളുടെ വിഷയത്തില്‍ കാര്യക്ഷമവും ഫലപ്രദവുമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുകയും ഒപ്പം ഘട്ടംഘട്ടമായി അവരെ നാട്ടിലെത്തിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ സംരക്ഷണവും ചികില്‍സയും നല്‍കി നമ്മോടൊപ്പം ചേര്‍ത്തുനിര്‍ത്തി അവരുടെ ആശങ്കകള്‍ അകറ്റണമെന്നും പ്രവാസി ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


Tags:    

Similar News