ഇന്ത്യന്‍ യുവത്വത്തെ ജയിലുകളില്‍ തളച്ചിടാന്‍ യുഎപിഎ ഉപകരണമാക്കി സര്‍ക്കാറുകള്‍
2018നും 2020നും ഇടയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം രാജ്യത്ത് അറസ്റ്റിലായവരില്‍ ഏകദേശം 57% പേരും 30 വയസ്സിന് താഴെയുള്ളവരാണെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) സമാഹരിച്ച കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം തന്നെ ലോക്‌സഭയെ അറിയിച്ച കണക്കാണിത്.
ന്യൂഡല്‍ഹി: 38കാരനായ മുഹമ്മദ് ഇല്യാസ്, 33കാരനായ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 2012 ആഗസ്തിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ)യും മറ്റു ചില വകുപ്പുകളും ചേര്‍ത്ത് അറസ്റ്റ് ചെയ്തത്.സായുധ സംഘടനയായ ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഈ അറസ്റ്റ്. ഒമ്പത് വര്‍ഷത്തെ അന്യായ തടങ്കലിനു ശേഷം തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി അവരെ ഒഴിവാക്കുകയും ഇക്കഴിഞ്ഞ ജൂണില്‍ വിട്ടയക്കുകയും ചെയ്തു.
നിരവധി നിരപരാധികളെ കാരാഗൃഹത്തില്‍ തള്ളാന്‍ കാരണമായ യുഎപിഎ എന്ന കിരാത നിയമം വാര്‍ത്തകളില്‍ നിറയുന്നത് ഇത് ആദ്യത്തെയോ അവസാനത്തേയോ തവണയല്ല. വാസ്തവത്തില്‍, ഇക്കഴിഞ്ഞ മാസം ത്രിപുരയിലെ മസ്ജിദുകള്‍ക്ക് നേരെയുണ്ടായ സംഘര്‍ഷങ്ങളും ആക്രമണങ്ങളും തുറന്ന്കാട്ടിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ക്കെതിരെ ത്രിപുര പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലിസ് നടപടികളില്‍ തങ്ങളുടെ നടുക്കം രേഖപ്പെടുത്തി 'എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ' ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
2018നും 2020നും ഇടയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം രാജ്യത്ത് അറസ്റ്റിലായവരില്‍ ഏകദേശം 57% പേരും 30 വയസ്സിന് താഴെയുള്ളവരാണെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) സമാഹരിച്ച കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം തന്നെ ലോക്‌സഭയെ അറിയിച്ച കണക്കാണിത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം 30 വയസ്സിന് താഴെയുള്ളവരെ (931) ഏറ്റവും കൂടുതല്‍ അറസ്റ്റ് ചെയ്തത് ഉത്തര്‍പ്രദേശിലാണെന്ന് മാത്രമല്ല, മൊത്തം അറസ്റ്റുകളില്‍ 70 ശതമാനവും ഉത്തര്‍പ്രദേശിലാണെന്ന് രേഖാമൂലമുള്ള മറുപടിയില്‍ ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ് അറിയിച്ചിരുന്നു. 2014നും 2020 നും ഇടയില്‍ യുഎപിഎ പ്രകാരം ഓരോ വര്‍ഷവും ശരാശരി 985 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഇതില്‍ തീര്‍പ്പാക്കാത്ത കേസുകളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 14.38 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കൂടാതെ, ഏഴ് വര്‍ഷത്തിനിടെ ആകെ കേസുകളില്‍ നിന്ന് ശരാശരി 40.58% കേസുകള്‍ വിചാരണയ്ക്ക് അയച്ചപ്പോള്‍, അവയില്‍ വിചാരണ പൂര്‍ത്തിയായത് 4.5% കേസുകള്‍ മാത്രമായിരുന്നു.
യുഎപിഎ പ്രകാരം ഏഴ് വര്‍ഷമായി (2014-2020) നടത്തിയ അറസ്റ്റുകള്‍, വിചാരണകള്‍, കുറ്റപത്രങ്ങള്‍, മറ്റു അനുബന്ധ രേഖകള്‍ എന്നിവ സംബന്ധിച്ച 'നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ' ഡാറ്റകള്‍ വിശകലനം ചെയ്തു ഫാക്റ്റ്‌ചെക്കര്‍ (സത്യാന്വേഷണ വെബ്‌സൈറ്റ്) പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
2010 മുതലുള്ള ഡാറ്റകള്‍ വിലയിരുത്താന്‍ ശ്രമിച്ചെങ്കിലും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2010നും 2013നും ഇടയിലുള്ള 'ക്രൈം ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടുകളില്‍ ഈ നിയമത്തെ സംബന്ധിച്ച യാതൊരു പരാമര്‍ശവും കണ്ടെത്താനായില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ) എന്താണ്?
'വ്യക്തികളുടെയും സംഘടനകളുടെയും ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയുന്നതിനും, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി' 1967 ഡിസംബര്‍ 30നാണ് നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമം ആദ്യമായി നിലവില്‍ വരുന്നത്.
ഈ നിയമത്തിന്റെ നിര്‍വചനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനമെന്നാല്‍, ഇന്ത്യാ രാജ്യത്തിനെതിരായ വികാരത്തിന് കാരണമാവുകയോ, ആ ഉദ്ദേശത്തോട് കൂടിയോ, അല്ലെങ്കില്‍ ഇന്ത്യ സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുകയോ, മറ്റൊരാളുടെ വാദത്തെ പിന്തുണക്കുകയോ ചെയ്യുക വഴി, ഇന്ത്യയുടെ പരമാധികാരത്തെ നിരാകരിക്കുകയോ ചോദ്യം ചെയ്യുകയോ തടസ്സപ്പെടുത്തുകയോ, അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ പ്രാദേശിക അഖണ്ഡതയെ തകര്‍ക്കാന്‍ ഉദ്ദേശിക്കും വിധത്തിലുള്ള, പ്രവര്‍ത്തനങ്ങളും, സംസാരത്തിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ അല്ലെങ്കില്‍ ദൃശ്യാവിഷ്‌കാരങ്ങളിലൂടെയോ പ്രകടമാക്കുന്ന വാക്കുകളുമാണ്.
വിഘടനവാദത്തെ സംബന്ധിച്ചതും, തീവ്രവാദ വിരുദ്ധ വകുപ്പുകളും ഉള്‍പെടുത്തി ഇന്ന് കാണുന്ന യഥാര്‍ത്ഥ നിയമം പ്രാബല്യത്തില്‍ വന്നത് 2004ല്‍ ആയിരുന്നു. ഈ നിയമം കേന്ദ്രത്തിന് സമ്പൂര്‍ണ്ണ അധികാരം നല്‍കുന്നത് കൊണ്ട് തന്നെ, ഒരു ഔദ്യോഗിക ഗസറ്റ് വഴി ഒരു പ്രവര്‍ത്തനം നിയമവിരുദ്ധമായി കണക്കാക്കാനും അത് പ്രഖ്യാപിക്കാനും കേന്ദ്രത്തിന് സാധ്യമാകുന്നു.
2018ല്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ), കേന്ദ്രത്തിന് കീഴിലുള്ള ഒരു തീവ്രവാദവിരുദ്ധ നിയമ നിര്‍വ്വഹണ ഏജന്‍സിയാണ്. 2019 ജൂലൈ വരെ, ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിന്റെ റാങ്കിലോ തത്തുല്യ പദവിയിലോ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് യുഎപിഎ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ യോഗ്യതയുണ്ടായിരുന്നത്. എന്നാല്‍ 2019ല്‍ നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് ശേഷം, ഇന്‍സ്‌പെക്ടര്‍ റാങ്കിലോ, അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കേസുകള്‍ അന്വേഷിക്കാമെന്നായി.
2014 മുതലുള്ള കേസുകള്‍
ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപോര്‍ട്ടുകള്‍ പ്രകാരം, 2014 നും 2020 നും ഇടയില്‍ 6900 യുഎപിഎ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഓരോ വര്‍ഷവും ശരാശരി 985 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഏഴ് വര്‍ഷത്തിനിടയില്‍, 2019ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 1226 കേസുകള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തപ്പോള്‍, തൊട്ട്പിന്നിലായി 1182 കേസുകളാണ് 2018ല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ സംഖ്യ 2020ല്‍ 35% കുറഞ്ഞ് 796 ആയി.
അന്വേഷണം കാത്തുക്കിടക്കുന്ന കേസുകളുടെ എണ്ണം പ്രതിവര്‍ഷം ശരാശരി 14.38% എന്ന നിരക്കില്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം നടത്താതെ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം 2014ല്‍ 1857 ആയിരുന്നു. എന്നാല്‍ 2015ല്‍, 37 ശതമാനത്തിന്റെ വര്‍ധനവോടെ (ഏറ്റവും ഉയര്‍ന്ന ഒരു വര്‍ഷത്തെ കുതിച്ചുചാട്ടം) 2549 കേസുകളായി ഉയര്‍ന്നു. ഏറ്റവും പുതിയ ഡാറ്റയനുസരിച്ച്, 2020ല്‍ ഈ സംഖ്യ 4021 ആയിട്ടുണ്ട്.
2014 മുതല്‍ 2020 വരെയുള്ള ഏഴ് വര്‍ഷ കാലയളവില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ വിവരങ്ങള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, 2014, 2015, 2016 വര്‍ഷങ്ങളിലെ മൊത്തം ഡാറ്റയില്‍ നിന്ന് നടപ്പ് വര്‍ഷവും മുന്‍വര്‍ഷങ്ങളിലുമായി റിപോര്‍ട്ട് ചെയ്ത കേസുകളില്‍, കുറ്റപത്രം സമര്‍പ്പിച്ച കേസുകള്‍ വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടില്ല. 2017നും 2020നും ഇടയില്‍, ഓരോ വര്‍ഷവും ശരാശരി 165 കേസുകള്‍ക്കാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനര്‍ത്ഥം, ഈ വര്‍ഷങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ ശരാശരിയുടെ 16% കേസുകള്‍ക്ക് മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
യുഎപിഎ കേസുകളിലെ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക്
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വിചാരണയിലിരിക്കുന്ന കേസുകളെ രണ്ടായി തരംതിരിക്കുന്നു:
(1)മുന്‍ വര്‍ഷത്തെ വിചാരണ തീര്‍പ്പാക്കാത്ത കേസുകളുടെയും, ഈ വര്‍ഷം വിചാരണയ്ക്ക് അയച്ച കേസുകളുടെയും എണ്ണം. (2) വിചാരണ പൂര്‍ത്തിയാക്കിയ കേസുകള്‍, വിചാരണ കൂടാതെ തീര്‍പ്പാക്കപ്പെട്ടവ, വര്‍ഷാവസാനം വിചാരണ കാത്തിരിക്കുന്നവ എന്നിവയുടെ എണ്ണം.
ഏഴു വര്‍ഷ കാലയളവില്‍ (2014-2020), ശരാശരി 1834 കേസുകള്‍ വിചാരണക്കായി അയച്ചു. ഇത് ശരാശരി വാര്‍ഷിക കേസുകളുടെ 40.58% ആണ് (4250). എന്നാല്‍, ഓരോ വര്‍ഷവും ശരാശരി 4.5% കേസുകള്‍ മാത്രമേ വിചാരണ പൂര്‍ത്തീകരിക്കുന്നുള്ളൂ.
ഈ കേസുകളില്‍, കുറ്റാരോപിതനായ വ്യക്തി ഒന്നുകില്‍ കുറ്റവാളിയെന്ന് തെളിയുകയോ, നിരപരാധിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിടുകയോ അല്ലെങ്കില്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയോ ചെയ്യാം. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ച വ്യക്തിയെ കൂടുതല്‍ അന്വേഷണത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യാവുന്നതാണ്, കാരണം തെളിവുകളുടെ അഭാവം മൂലം വിട്ടയക്കുക എന്നത് സാധാരണയായി അര്‍ത്ഥമാക്കുന്നത് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ല എന്നാണ്.
2014 നും 2020 നും ഇടയില്‍, വിചാരണ പൂര്‍ത്തിയായ മൊത്തം കേസുകളില്‍, ശരാശരി 72.4% കേസുകളിലും കുറ്റാരോപിതരുടെ നിരപരാധിത്വം തെളിയുകയോ, തെളിവുകളുടെ അഭാവം കാരണം വിട്ടയക്കുകയോ ചെയ്തപ്പോള്‍, 27.5% കേസുകളില്‍ മാത്രമാണ് പ്രതികള്‍ കുറ്റം ചെയ്തതായി കോടതിയില്‍ തെളിഞ്ഞത്.
അറസ്റ്റുകള്‍ സംസ്ഥാനടിസ്ഥാനത്തില്‍
2014 നും 2020 നും ഇടയില്‍ യുഎപിഎ പ്രകാരം ആകെ 10,552 പേര്‍ അറസ്റ്റിലാവുകയും, 253 പേര്‍ കുറ്റവാളികളാണെന്ന് തെളിയുകയും ചെയ്തു. ഇതിനര്‍ത്ഥം, ഓരോ വര്‍ഷവും ശരാശരി 1507 പേരെ പിടികൂടുകയും, ശരാശരി 36 പേര്‍ ശിക്ഷക്ക് വിധേയരാവുകയും ചെയ്തു. ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍, അതേ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് കേസുകളില്‍ നിന്നോ മുന്‍ വര്‍ഷങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളില്‍ നിന്നോ കുറ്റം തെളിഞ്ഞവരുമാകാം.
2015ല്‍ ഉണ്ടായ ആകെ യുഎപിഎ അറസ്റ്റുകളില്‍ 61.3 ശതമാനവും മണിപ്പൂരില്‍ നിന്നായിരുന്നു. ക്രമേണ ഈ അനുപാതം 2019ല്‍ 19.81% ആയി കുറഞ്ഞു. സമാനമായി, രാജ്യത്ത് നടന്ന മൊത്തം യുഎപിഎ അറസ്റ്റുകളില്‍ 11.34% അസാമില്‍ നിന്നായിരുന്നു. അത് 2020ല്‍ 5.75% ആയി താഴ്ന്നു. എന്നാല്‍ ജമ്മു കശ്മീരില്‍ ഇത് നേര്‍വിപരീതമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 0.8% ഉണ്ടായിരുന്നത് 2019ല്‍ 11.6% ആയി ഉയര്‍ന്നു.
ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് യുഎപിഎ അറസ്റ്റില്‍ മുന്‍പന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. 2015നും 2019നും ഇടയില്‍ 7050 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 30.6% മണിപ്പൂരിലും 19.8% ഉത്തര്‍പ്രദേശിലും 14.22% അസമിലും 8.04% ബിഹാറിലും 7.31% ജാര്‍ഖണ്ഡിലും 7.16% ജമ്മു കശ്മീരിലും നിന്നുള്ളവരാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന മൊത്തം അറസ്റ്റിന്റെ 87 ശതമാനത്തിലധികം ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഇത് സൂചിപ്പിക്കുന്നു.
കെട്ടിക്കിടക്കുന്ന കേസുകളുടെ നിരക്കുയരുമ്പോള്‍
2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍, ഓരോ വര്‍ഷവും ശരാശരി 4250 യുഎപിഎ കേസുകളാണ് അന്വേഷണം കാത്ത് കിടന്നിരുന്നത്. ഓരോ വര്‍ഷത്തിന്റെയും അവസാനത്തില്‍ ശരാശരി 3579 കേസുകള്‍, അഥവാ 85% കേസുകളാണ് അന്വേഷണം പൂര്‍ത്തിയാവാതെ ഉണ്ടായിരുന്നത്.
അന്വേഷണം തീര്‍പ്പാക്കാത്തതിന്റെ പേരില്‍ യുഎപിഎ കേസുകള്‍ എത്ര കാലത്തോളം നീണ്ടുനില്‍ക്കുന്നുവെന്ന വസ്തുത ഈ ഡാറ്റകള്‍ വ്യക്തമാക്കുന്നു. 2020ന്റെ അവസാനത്തില്‍, 4101 കേസുകളാണ് അന്വേഷണം കാത്ത്കിടന്നിരുന്നത്. എന്നാല്‍ അവയില്‍ 44.33%, അഥവാ 1818 കേസുകള്‍ മൂന്ന് വര്‍ഷത്തിലേറെയായി അന്വേഷണം കാത്തിരിക്കുന്നവയും, 34.01% അഥവാ 1395 കേസുകള്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയായി അന്വേഷണം കാത്തിരിക്കുന്നവയുമാണ്. കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍, പ്രതിവര്‍ഷം അന്വേഷണം കാത്ത്കിടക്കുന്ന കേസുകളിലെ, ശരാശരി 42.42% കേസുകള്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ പഴക്കമുള്ളവയും, 33.4% മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയുമാണ്. കിരാതമായ ഈ നിയത്തില്‍ അറസ്റ്റിലായവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളും ആദിവാസികളും ദലിതുകളും മറ്റു പിന്നാക്കരുമാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.