കൊവിഡ് കാലത്തെ മികച്ച സേവനം: അബഹയിലെ സിസ്റ്റര്‍ ലതാരാജനെ സോഷ്യല്‍ ഫോറം ആദരിച്ചു

കൊവിഡ് മഹാമാരി യില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അബഹയിലെ ഒട്ടേറെ വിദേശികള്‍ക്ക് സിസ്റ്റര്‍ ലതയുടെ സേവനം ലഭിച്ചിരുന്നു. അവര്‍ ജോലിചെയ്തിരുന്ന ആശുപത്രിയിലെ പലരോഗികള്‍ക്കും വീട്ടില്‍നിന്ന് ഭക്ഷണമുണ്ടാക്കി കൊണ്ടുപോയി കൊടുത്ത് സഹായിക്കല്‍ പതിവായിരുന്നു.

Update: 2020-10-06 10:42 GMT

അബഹ: കൊവിഡുമായി ബന്ധപ്പെട്ട് ആതുരസേവന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സിസ്റ്റര്‍ ലതാരാജനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു. കൊവിഡ് മഹാമാരി യില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അബഹയിലെ ഒട്ടേറെ വിദേശികള്‍ക്ക് സിസ്റ്റര്‍ ലതയുടെ സേവനം ലഭിച്ചിരുന്നു. അവര്‍ ജോലിചെയ്തിരുന്ന ആശുപത്രിയിലെ പലരോഗികള്‍ക്കും വീട്ടില്‍നിന്ന് ഭക്ഷണമുണ്ടാക്കി കൊണ്ടുപോയി കൊടുത്ത് സഹായിക്കല്‍ പതിവായിരുന്നു.

ബൈപാസ് സര്‍ജറി കഴിഞ്ഞ മുഹമ്മദെന്ന യുപി സ്വദേശിക്ക് ഒരുവര്‍ഷത്തേക്കുള്ള മരുന്നിന് പുറമെ ആശുപത്രി ജീവനക്കാരുടെയും മറ്റു സാമൂഹികപ്രവര്‍ത്തകരുടെയും സഹകരണത്തോടെ സഹായധനം സമാഹരിച്ച് അവരുടെ കഷ്ടപ്പെടുന്ന വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കാനും മുന്നിട്ടിറങ്ങിയത് സിസ്റ്റര്‍ ലതയായിരുന്നു. അവരുടെ അഭ്യര്‍ഥന പ്രകാരം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കോണ്‍സുലേറ്റില്‍നിന്ന് സംഘടിപ്പിച്ചു കൊടുത്ത സൗജന്യടിക്കറ്റിലാണ് ഓപറേഷനുശേഷം മുഹമ്മദ് വീല്‍ചെയറില്‍ നാട്ടിലേയ്ക്ക് മടങ്ങിയത്.

കൊവിഡ് മഹാമാരി പ്രവാസികളെ ദുരിതത്തിലാഴ്ത്തിയ സന്ദര്‍ഭത്തിലും അതിനു മുമ്പും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ സിസ്റ്റര്‍ ലത മുന്‍പന്തിയിലുണ്ടായിരുന്നതായി സോഷ്യല്‍ ഫോറം റീജ്യനല്‍ പ്രസിഡന്റ് കോയ ചേലേമ്പ്ര അനുസ്മരിച്ചു. പലപ്പോഴും രോഗികള്‍ക്ക് വേണ്ട ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വന്തം ചെലവില്‍ ചെയ്യാനും ആശുപത്രി അധികൃതരുമായി സംസാരിച്ച് പ്രവാസികളായ രോഗികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ദൈവത്തില്‍നിന്നുമുള്ള പ്രതിഫലം മാത്രം ആഗ്രഹിച്ച് ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവര്‍ മാതൃകാ വനിതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം അബഹയില്‍ കൊവിഡ് കാരണം ലളിതമായി നടത്തിയ ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റീജ്യനല്‍ പ്രസിഡന്റ് കോയ ചേലേമ്പ്ര, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹ്യക്ഷേമ വിഭാഗം അംഗവും സോഷ്യല്‍ ഫോറം സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെംബറുമായ ഹനീഫ് മഞ്ചേശ്വരം എന്നിവര്‍ സംയുക്തമായി മൊമെന്റൊ കൈമാറി. ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം, അബഹ ബ്ലോക്ക് ഭാരവാഹികളായ മുഹമ്മദ് റാഫി പട്ടര്‍പാലം, അബൂബക്കര്‍ സഅദി നീലഗിരി, കബീര്‍ കൊല്ലം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിസ്റ്റര്‍ ലതയുടെ അമ്മ ലില്ലിയും ഭര്‍ത്താവ് രാജുവും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

കൊല്ലം കൊട്ടാരക്കര കരീപ്ര സ്വദേശിനിയായ സിസ്റ്റര്‍ ലത 26 വര്‍ഷമായി ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അബഹ പ്രൈവറ്റ് ഹോസ്പിറ്റല്‍, അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍, അബഹ മെറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, അഹദ് റുഫൈദ ജനറല്‍ ഹോസ്പിറ്റല്‍ തുടങ്ങി വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ലത ഇപ്പോള്‍ അബഹയിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് കാര്‍ഡിയാക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ടിച്ചുവരികയാണ്. അബഹ പാലസ് ഹോട്ടലിലെ സ്റ്റാഫായ രാജു ആണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ബെറിന്‍, ബെര്‍ലിന്‍. ഏകസഹോദരി ലിനി സജി തബൂക്ക് കിങ് സല്‍മാന്‍ മിലിറ്ററി ആശുപത്രിയില്‍ നഴ്‌സാണ്.

Tags:    

Similar News