യുഎഇയില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന; പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ

പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ അനധികൃതമായി തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരിക്കുന്നത്.

Update: 2018-12-01 09:21 GMT
യുഎഇയില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന; പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ

അബൂദബി: അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി അവസാനിച്ചതോടെ യുഎഇയില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന തുടങ്ങും. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ അനധികൃതമായി തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരിക്കുന്നത്.

നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. 50,000 ദിര്‍ഹം വരെ പിഴ ഇത്തരക്കാരില്‍ നിന്ന് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം പൊതുവെ കുറവായിരുന്നു.

ആഗസ്ത് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. പൊതുമാപ്പ് കാലാവധി ഇനിയും നീട്ടണമെന്ന് ചില എംബസികള്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

യുഎഇയില്‍ തന്നെ തുടര്‍ന്ന് ജോലി അന്വേഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്ക് അതിനായി ആറ് മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വിസ അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിസ കാലാവധി പൂര്‍ത്തിയാവുന്നത് വരെ രാജ്യത്ത് തുടരാം. ഇതിനിടയില്‍ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം. ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. പിന്നീട് പുതിയ വിസിറ്റിങ് വിസയില്‍ മടങ്ങിവന്ന് മാത്രമേ ജോലി അന്വേഷിക്കാന്‍ സാധിക്കൂ.




Tags:    

Similar News