കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലായതില്‍ അഭിമാനമുണ്ടെന്ന് കുവൈത്ത് അമീര്‍
പാര്‍ലമെന്റും സര്‍ക്കാറും തമ്മില്‍ ഐക്യത്തോടെ നിലകൊള്ളുന്നതില്‍ സന്തോഷമുണ്ട്. പ്രതിസന്ധി തീരുംവരെയും അങ്ങനെ തുടരുമെന്ന് പ്രതീക്ഷയുണ്ട്.
കുവൈത്ത് സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ രാജ്യം വലിയ വെല്ലുവിളി നേരിടുേമ്പാള്‍ ഒരുമയോടെ നില്‍ക്കുകയും കഠിന പ്രയത്‌നം നടത്തുകയും ചെയ്യുന്നവരെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പറഞ്ഞു.ദാര്‍ സല്‍വയില്‍ പ്രത്യേക മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ മുതിര്‍ന്ന സഹോദരന്‍ എന്നനിലയില്‍ അഭിമാനമുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലാണ്. ഈ സമയത്ത് നിങ്ങള്‍ കാണിക്കുന്ന ഒരുമക്കും സമര്‍പ്പണത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ചല്ലാതെ എനിക്ക് സംസാരം തുടങ്ങാനാവില്ല. പാര്‍ലമെന്റും സര്‍ക്കാറും തമ്മില്‍ ഐക്യത്തോടെ നിലകൊള്ളുന്നതില്‍ സന്തോഷമുണ്ട്. പ്രതിസന്ധി തീരുംവരെയും അങ്ങനെ തുടരുമെന്ന് പ്രതീക്ഷയുണ്ട്.
പാര്‍ലമെന്റിനും സര്‍ക്കാറിനും ഇടയില്‍ പാലമായി നിലകൊള്ളുന്ന പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിനും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനും അഭിനന്ദനം അറിയിക്കുന്നു. ശൈഖ് ബാസില്‍ അസ്സബാഹിന് കീഴില്‍ ഉജ്ജ്വല പ്രവര്‍ത്തനമാണ് ആരോഗ്യ മന്ത്രാലയം നടത്തുന്നത്. ഒരു വിമര്‍ശനമോ എതിരഭിപ്രായമോ ഇല്ലെന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാമെന്നും അമീര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലവിലെ സാഹചര്യങ്ങളും യോഗം വിലയിരുത്തി.