കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
നേരത്തെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയിലാണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ വ്യക്തിയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്‍ദുല്ല അല്‍ സനദ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നേരത്തെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയിലാണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരം രോഗി ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലാണെന്നും അല്‍ സനദ് പറഞ്ഞു. നേരത്തെ തന്നെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥീരീകരിച്ചിരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയം ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്.
നിലവില്‍ കുവൈത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും രാജ്യത്തെ സ്വദേശികളും പ്രവാസികളും വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണം. പുതിയ വകഭേദത്തിനെതിരെയും വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.