കുവൈത്ത്; കര്‍ശന നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ഏതെങ്കിലും അപകടകരമായ വസ്തുക്കള്‍ നിരീക്ഷിക്കാനും പിന്തുടരുവാനും സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശ്ശനമായ നിദേശമാണ് നല്‍കിയിട്ടുള്ളത്.
കുവൈത്ത് സിറ്റി : മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ സൈനിക, സുരക്ഷാ സേനകള്‍ക്ക് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനു തയ്യാറെടുപ്പുകള്‍ നടത്തുവാനും ജാഗ്രത പാലിക്കുവാനും നിര്‍ദ്ദേശം നല്‍കി. മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവും ദേശീയ സേനയും ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ റൂം സ്ഥാപിച്ചു.
നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രാലയം രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൊണ്ട് പ്രതിരോധ മന്ത്രാലയം രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിരന്തരമായി സംയുക്ത പട്രോളിങ് നടത്തി വരികയാണ്. മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ കാത്ത് സൂക്ഷിക്കുന്നതിനു വടക്കന്‍ അതിര്‍ത്തിയില്‍ വിവിധ സുരക്ഷാ സേനകളെ ഏകോപിപ്പിക്കുന്ന തരത്തില്‍ പ്രത്യേക ഓപ്പറേഷന്‍ റൂമാണ് സ്ഥാപിച്ചിരിക്കുന്നത്. അബ്ദാലി അതിര്‍ത്തി കവാടത്തില്‍ സുരക്ഷാ നടപടികള്‍ പരമാവധി കര്‍ശനമാക്കിയിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അയല്‍ രാജ്യങ്ങളുമായി രഹസ്യാന്വേഷണ വിഭാഗം നിരന്തരമായ ഏകോപനം നടത്തി വരികയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ഏതെങ്കിലും അപകടകരമായ വസ്തുക്കള്‍ നിരീക്ഷിക്കാനും പിന്തുടരുവാനും സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശ്ശനമായ നിദേശമാണ് നല്‍കിയിട്ടുള്ളത്. അതിര്‍ത്തി കവാടങ്ങള്‍ വഴിയോ വിമാനത്താവളം വഴിയോ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ ആളുകളുടെയും വസ്തുക്കളും ഉപകരണങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ വെച്ചു പൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.