ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി തെരുവുകള്‍ പ്രക്ഷുബ്ധമാകണം: വാദി സോഷ്യല്‍ ഫോറം

പൗരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ദേശീയ പൗരത്വ പട്ടികയും, അതുമായി ബന്ധപ്പെട്ടുള്ള പൗരത്വ ഭേദഗതി നിയമവും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.

Update: 2019-12-16 00:48 GMT

വാദി ദവാസിര്‍: ഫാഷിസ്റ്റു ശക്തികള്‍ തകര്‍ത്തു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ വീണ്ടെടുക്കാന്‍ ഇന്ത്യയുടെ തെരുവുകള്‍ പ്രക്ഷുബ്ധമാകണമെന്ന് ഇസ്മയില്‍ മാസ്റ്റര്‍ പാണാവള്ളി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'ബാബരി വിധി , പൗരത്വ ഭേദഗതി ബില്‍ ജനകീയ വിചാരണ' പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു അദ്ദേഹം.

പൗരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ദേശീയ പൗരത്വ പട്ടികയും, അതുമായി ബന്ധപ്പെട്ടുള്ള പൗരത്വ ഭേദഗതി നിയമവും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ജനാധിപത്യത്തിന്റെ തൂണുകളായ നിയമനിര്‍മാണ സഭകളെയും നീതിന്യായ വ്യവസ്ഥയെയും ഫാഷിസം വിഴുങ്ങിയിരിക്കുന്നതിന്റെ തിക്തഫലമാണ് നമ്മുടെ രാജ്യം ഇന്ന് നേരിടുന്നത്. അമുസ്‌ലിംകള്‍ സുരക്ഷിതരാണെന്നും മുസ്‌ലിംകള്‍ രാജ്യം വിടേണ്ടവരുമാണെന്നാണ് അമിത്ഷാ മോദി കൂട്ടുകെട്ട് ജനങ്ങളോട് പറയാതെ പറയുന്നത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ജനകീയ പോരാട്ടത്തില്‍ എതിര്‍ത്ത് തോല്പ്പിച്ചവര്‍ പോലും , മത വിവേചനം പാടില്ലെന്ന ഭരണഘടന തത്വങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത നിയമങ്ങള്‍ പാസാക്കുവാന്‍ മൗനാനുവാദം നല്‍കുന്നു എന്നത് അപകടകരമാണ്.

പരമോന്നത നീതിപീഠങ്ങളില്‍ നിന്നുപോലും ജനങ്ങളുടെ അതിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള വിധികളാണ് വന്നു കൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് കേസിലെ വിചിത്രവിധി ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് . വസ്തുതകള്‍ക്ക് മേല്‍ വിശ്വാസത്തിനു പരിഗണന നല്‍കിക്കൊണ്ട് കോടതി പുറപ്പെടുവിച്ച ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ബാബരി മസ്ജിദ് യാഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുക മാത്രമാണ് നീതി. വിശ്വാസ്യതയാണ് ജുഡീഷ്യറിക്ക് സാധുതയും സാധ്യതയും നല്‍കുന്നത്. അത് നഷ്ടപ്പെടുത്താന്‍ നാം ആരെയും അനുവദിക്കരുത്. അധികാരവും സൈന്യവും ആയുധവുംകൊണ്ട് ജനങ്ങളെ കീഴടക്കാന്‍ ശ്രമിച്ച ഫറോവയുടെയും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും അന്ത്യം ഫാഷിസ്റ്റ് ശക്തികള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും . ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുന്നതിനായി രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ കശാപ്പു ചെയ്യുന്നവരെ എതിര്‍ത്ത് തോല്‍പ്പിക്കുവാന്‍ ഹിന്ദുത്വര്‍ ഒഴികെയുള്ള എല്ലാവരും ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു . സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് പ്രസിഡന്റ് സലാഹുദ്ധീന്‍ അമ്പനാട് അദ്ധ്യക്ഷത വഹിച്ചു. ഷിബിലി ബീമാപ്പള്ളി , റഫീക്ക് മട്ടന്നൂര്‍ സംസാരിച്ചു . 

Similar News