കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങി സൗദി; പദ്ധതിക്ക് രാജാവിന്റെ അംഗീകാരം
പ്രതിവര്‍ഷം 20 ശതമാനം അധിക മഴയ്ക്കാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതിജല മന്ത്രാലയം അറിയിച്ചു.
റിയാദ്: സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് രാജാവ് അംഗീകാരം നല്‍കി. പ്രതിവര്‍ഷം 20 ശതമാനം അധിക മഴയ്ക്കാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതിജല മന്ത്രാലയം അറിയിച്ചു. ലോകത്ത് ഏറ്റവും വരള്‍ച്ചയുള്ള രാജ്യങ്ങളിലൊന്നായ സൗദിയില്‍ നിലവില്‍ പ്രതിവര്‍ഷം ലഭിക്കുന്ന മഴ 100 മില്ലീമീറ്ററില്‍ കൂടാറില്ല.
രാജ്യത്ത് സ്ഥിരം ജല ഉറവിടങ്ങളായ നദികളോ തടാകങ്ങളോ ഇല്ലാത്ത പശ്ചാത്തലത്തിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് രാജാവ് അംഗീകാരം നല്‍കിയത്. ആഗോളതലത്തില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനു സ്വീകരിക്കുന്ന രീതികളും ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ അനുഭവസമ്പത്തു നേരിട്ട് പഠിച്ചുമാണ് സൗദി പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ കാര്‍മേഘങ്ങള്‍ ലക്ഷ്യമിട്ട് ചില പദാര്‍ത്ഥങ്ങള്‍ വിതറി കൃത്രിമ മഴ പെയ്യിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക.
രാജ്യത്ത് ആദ്യമായി കൃത്രിമ മഴ പരീക്ഷിച്ചത് 1990 ല്‍ അസീര്‍ പ്രവിശ്യയിലാണ്. നിലവില്‍ രാജ്യത്തെ പ്രതിവര്‍ഷ ജല ആവശ്യം 2400 കോടി ഘനമീറ്ററാണ്. പ്രതിവര്‍ഷം 270 കോടി ഘനമീറ്റര്‍ വെള്ളം സമുദ്ര ജലം ശുദ്ധീകരിച്ചു കണ്ടെത്തുന്നുണ്ട്.