ഏകദിനത്തിലും രക്ഷയില്ല; രാഹുലിന് കീഴില്‍ ഇന്ത്യക്ക് തോല്‍വി
കോഹ്‌ലി(51), ധവാന്‍ (79), ശ്രാദ്ദുല്‍ ഠാക്കൂര്‍ ( 50*) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത്.
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി. താല്‍ക്കാലിക ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് കീഴില്‍ ഒരു പിടി മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ പൊരുതിയെങ്കിലും തോല്‍വി വഴങ്ങുകയായിരുന്നു. ടോസില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ നിരയുടെ ബാറ്റിങ് തകര്‍ക്കാനോ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടരാനോ കഴിഞ്ഞില്ല. 297 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച സന്ദര്‍ശകര്‍ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
മുന്‍ ക്യാപ്റ്റന്‍ കോഹ്‌ലി(51), ശിഖര്‍ ധവാന്‍ (79), ശ്രാദ്ദുല്‍ ഠാക്കൂര്‍ (43 പന്തില്‍ 50*) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ക്യാപ്റ്റന്‍ രാഹുല്‍ (12), ഋഷഭ് പന്ത് (16), ശ്രേയസ് അയ്യര്‍ (17), വെങ്കിടേഷ് അയ്യര്‍ (2) എന്നിവര്‍ക്കൊന്നും ഏറെ നേരം ആതിഥേയരുടെ ബൗളിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് നേരത്തെ 296 റണ്‍സ് നേടിയത്. ബാവുമാ(110), വാന്‍ ഡെര്‍ ദുസന്‍ (129*) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് പ്രോട്ടീസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.