കിവികള്‍ക്കെതിരേ ടെസ്റ്റ് പരമ്പര നേട്ടം; ടെസ്റ്റിലെ രാജാക്കന്‍മാര്‍ ഇനി ഇന്ത്യ
ജയന്ത് യാദവിന്റെ തകര്‍പ്പന്‍ ബൗളിങാണ് ഇന്ന് മോര്‍ണിങ് സെഷനില്‍ തന്നെ ഇന്ത്യക്ക് ജയമൊരുക്കിയത്.
മുംബൈ: ന്യൂസിലന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ വന്‍ ജയം നേടി ടീം ഇന്ത്യ. മല്‍സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 372 റണ്‍സിന്റെ ഭീമന്‍ ജയമാണ് ഇന്ത്യ നേടിയത്. 400 റണ്‍സിന്റെ ലക്ഷ്യവുമായി ഇന്നിറങ്ങിയ കിവികളെ 167 റണ്‍സിന് ഇന്ത്യ പുറത്താക്കി. നാല് വിക്കറ്റ് വീതം നേടിയ പുതുമുഖ താരം ജയന്ത് യാദവും ആര്‍ അശ്വിനുമാണ് ഇന്ത്യക്ക് അനായാസ ജയം നല്‍കിയത്.
കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ക്ക് സ്‌കോര്‍ബോര്‍ഡിലേക്ക് ഇന്ന് അധികം കൂട്ടിച്ചേര്‍ക്കാനായില്ല. ജയന്ത് യാദവിന്റെ തകര്‍പ്പന്‍ ബൗളിങാണ് ഇന്ന് മോര്‍ണിങ് സെഷനില്‍ തന്നെ ഇന്ത്യക്ക് ജയമൊരുക്കിയത്. 2014ന് ശേഷം ഇന്ത്യയുടെ തുടര്‍ച്ചയായ 14ാം പരമ്പര വിജയമാണിത്. റണ്‍മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ്. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലന്റിനെ പിന്‍തള്ളി ഇന്ത്യ റാങ്കിങില്‍ ഒന്നാമതെത്തി. സ്‌കോര്‍ ഇന്ത്യ-325, 276-7, ന്യൂസിലന്റ് 62, 167.