ഡല്‍ഹിയില്‍ ഓസിസ്; പരമ്പര കൈവിട്ട് ഇന്ത്യ
അഞ്ചുമല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. ഓസിസ് ഉയര്‍ത്തിയ 273 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237 റണ്‍സിന് പുറത്താവുകയായിരുന്നു.
ഡല്‍ഹി: ആസ്‌ത്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി.നിര്‍ണ്ണായക മല്‍സരത്തില്‍ 35 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. അഞ്ചുമല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. ഓസിസ് ഉയര്‍ത്തിയ 273 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237 റണ്‍സിന് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ രോഹിത്ത് ശര്‍മയും അവസാന ഓവറുകളില്‍ ജാദവും ഭുവനേശ്വര്‍ കുമാറും പൊരുതി നോക്കിയെങ്കിലും ഓസിസ് ബൗളിങിന് മുന്നില്‍ ടീം ഇന്ത്യ പതറുകയായിരുന്നു. 56 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ റെക്കോഡ് പിറന്ന ഫിറോസ് ഷാ കോട്‌ലാ മൈതാനിയില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഫോം കണ്ടെത്താനായില്ല. ഏകദിനത്തില്‍ അതിവേഗം 8000 റണ്‍സെടുത്ത മൂന്നാമത്തെ താരമെന്ന നേട്ടമാണ് രോഹിത് നേടിയത്. ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സുമാണ് രോഹിതിന് മുന്നിലുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഓപ്പണര്‍ രോഹിത് പുറത്തായതിന് ശേഷം ശിഖര്‍ ധവാന്‍(12), വിരാട് കോഹ്‌ലി(20), റിഷഭ് പന്ത്്(16), വിജയ് ശങ്കര്‍(16) എന്നിവര്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാതെ പുറത്തായി. എന്നാല്‍, ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയേകി കേദാര്‍ ജാദവ്(44), ഭുവനേശ്വര്‍ കുമാര്‍(46) എന്നിവര്‍ പിടിച്ചു നിന്ന് ഇന്ത്യ സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍, യഥാക്രമം ജേ റിച്ചാര്‍ഡ്‌സിന്റെയും പാറ്റ് കുമിന്‍സിന്റെയും ബൗളില്‍ ഇരുവരും പുറത്തായി. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷ തകരുകയായിരുന്നു. തുടര്‍ന്ന് വന്ന മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ പുറത്തായി. ഓസിസിനു വേണ്ടി ആദം സാബ മൂന്ന് വിക്കറ്റും പാറ്റ് കുമിന്‍സ്, ജേ റിച്ചാര്‍ഡ്‌സ്, സ്‌റ്റോണിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
ഉസ്മാന്‍ ഖ്വാജയുടെ സെഞ്ചുറിയുടെയും(100), പീറ്റര്‍ ഹാന്‍സ്‌കോമ്പിന്റെ അര്‍ദ്ധസെഞ്ചുറിയുടെയും മികവിലാണ് ഓസിസ് 272 റണ്‍സ് പടുത്തുയര്‍ത്തിയത്. പരമ്പരയിലെ ഖ്വാജയുടെ രണ്ടാമത്തെ സെഞ്ചുറിയാണ്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.