അഡ്‌ലെയ്ഡില്‍ ഇന്ത്യ നാണംകെട്ടു; 36ന് പുറത്ത്
ലോര്‍ഡ്‌സില്‍(1974) ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതാണ് ഇന്ത്യയുടെ മുമ്പത്തെ കുറഞ്ഞ സ്‌കോര്‍.
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോഡ്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടീം സ്‌കോറെന്ന റെക്കോഡാണ്് ഇന്ത്യയ്ക്ക് മേല്‍ വീണത്. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് തുടര്‍ന്ന ഇന്ത്യ 36 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ഹാസല്‍വുഡും നാല് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യന്‍ നിരയുടെ നടുവൊടിച്ചത്. ഇതിന് മുമ്പ് ലോര്‍ഡ്‌സില്‍(1974) ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതാണ് ഇന്ത്യയുടെ മുമ്പത്തെ കുറഞ്ഞ സ്‌കോര്‍. 1947ല്‍ ഓസിസിനെതിരേ 58 റണ്‍സിന് പുറത്തായതും ഇന്ത്യയുടെ മോശം സ്‌കോററാണ്. 1952ല്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ 58 റണ്‍സിന് പുറത്തായിരുന്നു. 1996ലാവട്ടെ ദക്ഷിണാഫ്രിക്കയോട് 66 റണ്‍സിനും ഇന്ത്യ പുറത്തായിരുന്നു. ഒന്ന് പൊരുതി നോക്കാന്‍ പോലും നില്‍ക്കാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റുകള്‍ കളഞ്ഞത്.
ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ അഞ്ചാമത്തെ സ്‌കോറാണ് ഇന്ന് ഇന്ത്യയുടെ പേരിലായത്. 26 റണ്‍സിന് പുറത്തായ ന്യൂസിലന്റിന്റെ പേരിലാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോഡ്. രണ്ട് തവണ 30 റണ്‍സിനും ഒരു തവണ 35 റണ്‍സിനും പുറത്തായ ദക്ഷിണാഫ്രിക്കയുടെ പേരിലാണ് മറ്റ് മൂന്ന് കുറഞ്ഞ സ്‌കോറുകളും.
മറ്റൊരു മോശം റെക്കോഡിനും ഇന്ത്യന്‍ ടീം ഇന്ന് സാക്ഷിയായി. ടീമിലെ ഒരു താരത്തിനും രണ്ടക്കം കാണാന്‍ കഴിയാതെ പുറത്താവാനായിരുന്നു ഇന്ന് വിധി. 1924ല്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയാണ് ഇത്തരത്തില്‍ പുറത്തായത്. തുടര്‍ന്ന് ആദ്യമായാണ് ഒരു ടീം ഈ വിധം പുറത്താവുന്നത്. ഇന്ത്യന്‍ ടീമില്‍ ഒമ്പത് റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍.പൃഥ്വി ഷാ(4),ബുംറ(2), പൂജാര(0),കോഹ്‌ലി (4), രഹാനെ (0), വിഹാരി (8), പൃഥ്വി ഷാ (4), അശ്വിന്‍ (0), ഉമേഷ് യാദവ് (4), ഷമി (1) എന്നിവരാണ് ഒറ്റയക്കത്തില്‍ പുറത്തായവര്‍. മറുപടി ബാറ്റിങില്‍ ഓസിസിന് ജയിക്കാന്‍ 90 റണ്‍സാണ് വേണ്ടത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആതിഥേയര്‍ 55 റണ്‍സെടുത്തിട്ടുണ്ട്.