പുനെ ഏകദിനം: ഒപ്പത്തിനൊപ്പം; ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം

തുടക്കം മുതലേ ആഞ്ഞുവീശിയ ഇംഗ്ലണ്ട് ജയിക്കാനുറച്ചാണ് ഇന്നിറങ്ങിയത്.

Update: 2021-03-26 17:18 GMT


പുനെ: ഏകദിന പരമ്പര ഇന്ത്യക്കു പെട്ടെന്ന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിന്റെ ജയവുമായാണ് ഇംഗ്ലണ്ട് പൂനെയില്‍ തിരിച്ചടിച്ചത്. ജോണി ബെയര്‍സ്‌റ്റോ (124)യും ബെന്‍സ്‌റ്റോക്‌സും (99) തീപ്പൊരി ബാറ്റിങ് കാഴ്ചവച്ചപ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് ലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടന്നു. 39 പന്ത് ശേഷിക്കെ വെറും നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് വിജയതീരമണിഞ്ഞത്. തുടക്കം മുതലേ ആഞ്ഞുവീശിയ ഇംഗ്ലണ്ട് ജയിക്കാനുറച്ചാണ് ഇന്നിറങ്ങിയത്. ജാസണ്‍ റോയ് (55) ആണ് ഇംഗ്ലണ്ട് വെടിക്കെട്ടിന് തുടക്കമിട്ടത്. റോയ്, ബെയര്‍സ്‌റ്റോ, ബെന്‍സ്റ്റോക്‌സ് എന്നിവരുടെ ബാറ്റിങ്ങിനു മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ടും ഭുവനേശ്കുമാര്‍ ഒരു വിക്കറ്റും നേടി.


നേരത്തേ, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ തന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ച്വറി നേടിയ മല്‍സരത്തില്‍ കോഹ്്‌ലിയും ഋഷഭ് പന്തും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവച്ചത്.


രോഹിത്തിന്റെയും (25), ധവാന്റെയും (4) വിക്കറ്റുകള്‍ ഇന്ത്യയ്ക്ക്് പെട്ടെന്ന് നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് വന്ന ക്യാപ്റ്റന്‍ കോഹ്‌ലിയും(66) രാഹുലും (108) വെടിക്കെട്ട് പ്രകടനം നടത്തുകയായിരുന്നു. കോഹ്‌ലിക്കു ശേഷമെത്തിയ ഋഷഭ് പന്ത് 77 റണ്‍സെടുത്തു. 40 പന്തിലാണ് ഋഷഭിന്റെ നേട്ടം. ഏഴ് സിക്‌സറും താരം നേടി. തുടര്‍ന്നെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡെയും (16 പന്തില്‍ 35) മിന്നും ബാറ്റിങാണ് കാഴ്ചവച്ചത്. ഇംഗ്ലണ്ടിനായി ടോപ്ലേ, ടോം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. അവസാന ഏകദിനം ഞായറാഴ്ച പുനെയില്‍ തന്നെ നടക്കും.




Tags:    

Similar News