ഏഷ്യാ കപ്പില്‍ തിരിച്ചടിച്ച് പാകിസ്താന്‍; ഫോട്ടോ ഫിനിഷില്‍ ഇന്ത്യ വീണു

Update: 2022-09-04 18:02 GMT


ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി പാകിസ്താന്‍. ഇന്ന് നടന്ന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയവുമായാണ് പാകിസ്താന്‍ തിരിച്ചടിച്ചത്.ആവേശം അവസാന ഓവര്‍ വരെ നീണ്ട മല്‍സരത്തില്‍ 182 റണ്‍സായിരുന്നു പാകിസ്താന്റെ ലക്ഷ്യം. ഒരു പന്ത് ശേഷിക്കെ പാകിസ്താന്‍ ലക്ഷ്യം പിന്തുടര്‍ന്നു.


റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. താരം 51 പന്തില്‍ 71 റണ്‍സ് നേടി. നവാസ് 20 പന്തില്‍ 42 റണ്‍സെടുത്തു.ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, രവി ബിഷ്‌ണോയി, ഹാര്‍ദ്ദിക്ക് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


എട്ട് പന്തില്‍ 16 റണ്‍സ് നേടി പുറത്തായ ആസിഫ് അലിയും 14 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഖുഷദില്ലുമാണ് പാകിസ്താന് അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് ചെയ്ത് ജയമൊരുക്കിയത്. ഇന്നത്തെ മല്‍സരത്തിലും ബാബര്‍ അസമിന് (14) ഫോം കണ്ടെത്താനായില്ല. 19ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സ് വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കൂടാതെ അര്‍ഷദീപ് സിങ് ആസിഫ് അലിയുടെ ക്യാച്ച് പാഴാക്കി. അവസാന ഓവറിലും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ അര്‍ഷദീപിന് കാര്യമായ തിരിച്ചടി നല്‍കാന്‍ ആയില്ല.


ടോസ് ലഭിച്ച പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 181 റണ്‍സെടുത്തത്.കോഹ് ലി 44 പന്തില്‍ 60 റണ്‍സെടുത്തു. രാഹുല്‍, രോഹിത്ത് എന്നിവര്‍ 28 റണ്‍സ് വീതമെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് (13), ഋഷഭ് പന്ത് (14), ഹാര്‍ദ്ദിക്ക് പാണ്ഡെ (0), ദീപക് ഹൂഡ (16) എന്നിവര്‍ക്ക് ഇന്ന് കാര്യമായ ഫോം കണ്ടെത്താനായില്ല. ഷഹദാബ് ഖാന്‍ പാകിസ്താനായി രണ്ട് വിക്കറ്റ് നേടി.




Tags:    

Similar News