ഏഷ്യാകപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യാ-പാക് പോര്; ഇരുടീമിനും പരിക്ക് വിന
ജഡേജയ്ക്ക് പകരം ഋഷഭ് പന്ത്, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ ഇറങ്ങും.
ദുബായ്: ഏഷ്യാ കപ്പില്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഇന്ന് വീണ്ടും ഒരു ഇന്ത്യാ-പാക് ക്ലാസ്സിക്ക് പോരാട്ടം. സൂപ്പര്‍ ഫോറില്‍ രണ്ടാം മല്‍സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ബിയില്‍ രണ്ട് ജയവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും ഒരു ജയവുമായി പാകിസ്താന്‍ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്താണ് വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവറിലാണ് ഇന്ത്യ ജയം വെട്ടിപിടിച്ചത്. ഹാര്‍ദ്ദിക്ക് പാണ്ഡെ ആയിരുന്നു ടീമിന്റെ വിജയ ശില്‍പ്പി. പാകിസ്താന്‍ അവസാനം വരെ പൊരുതിയാണ് അന്ന് കീഴടങ്ങിയത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും അതേ വേദിയിലാണ് വീണ്ടും ഏറ്റുമുട്ടുന്നത്.
രാത്രി 7.30ന് ദുബായിലാണ് മല്‍സരം. ഇരുടീമിനെയും അലട്ടുന്ന പ്രധാന പ്രശ്‌നം പരിക്കാണ്. ഇരുടീമിന്റെയും നിരവധി സൂപ്പര്‍ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇന്ത്യയുടെ ആദ്യ മല്‍സരത്തില്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത രവീന്ദ്ര ജഡേജ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്തായിരിക്കുകയാണ്. ജഡേജയ്ക്ക് പകരം ഋഷഭ് പന്ത്, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ ഇറങ്ങും. ആവേശ് ഘാനും പരിക്കിന്റെ പിടിയിലാണ്. താരവും ഇന്നിറങ്ങില്ലെന്നാണ് സൂചന.
പാകിസ്താന്റെ മൂന്ന് പ്രധാന ബൗളര്‍മാരാണ് പരിക്കിനെ തുടര്‍ന്ന് പുറത്തായത്. ഷഹീന്‍ അഫ്രീഡി, മുഹമ്മദ് വസീം, ഷഹനാസ് ദഹാനി എന്നിവരാണ് പുറത്തുള്ളത്. പരിചയ സമ്പന്നനായ ഹസ്സന്‍ അലി ഇന്ന് പാക് ടീമിനായി ഇറങ്ങും. മോശം ഫോമിനെ തുടര്‍ന്ന് ഏറെക്കാലമായി പാകിസ്താന്‍ പുറത്ത് നിര്‍ത്തിയ താരമാണ്. ബൗളര്‍മാരുടെ അഭാവത്തെ തുടര്‍ന്നാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചത്.
സാധ്യതാ ഇലവന്‍ ഇന്ത്യാ-രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യു കുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡെ, ദിനേശ് കാര്‍ത്തിക്ക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍ .
സാധ്യതാ ഇലവന്‍ പാകിസ്താന്‍: ബാബര്‍ അസം, ഷഹദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തികാര്‍ അഹ്‌മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, ഉസ്മാന്‍ ഖദിര്‍, മുഹമ്മദ് ഹസനെയ്ന്‍, ഹസ്സന്‍ അലി.