ഏഷ്യാ കപ്പ്; പാകിസ്താനെ 147ലൊതുക്കി ഇന്ത്യ; ഭുവനേശ്വര്‍ കുമാറിന് നാല് വിക്കറ്റ്

ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡെയുമാണ് ഇന്ന് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്.

Update: 2022-08-28 16:09 GMT


ദുബായ്: ഏഷ്യാ കപ്പിലെ ക്ലാസ്സിക്ക് മാച്ചില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 148 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു പന്ത് ശേഷിക്കെ 147ന് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡെയുമാണ് ഇന്ന് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്.അര്‍ഷദീപ് സിങ് രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും നേടി.

ടോസ് ലഭിച്ച ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം മുതലെ തകര്‍പ്പന്‍ ബൗളിങോടെ ഇന്ത്യ മല്‍സരത്തില്‍ ആധിപത്യം നേടിയിരുന്നു. സ്‌കോര്‍ 15ല്‍ എത്തി നില്‍ക്കെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (10) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി കൊണ്ടായിരുന്നു ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്. തുടര്‍ന്ന് ആവേശ് ഖാനാണ് പാകിസ്താന്റെ രണ്ടാമത്തെ വിക്കറ്റ് വീഴ്ത്തിയത്. ഫഖര്‍ സമന്‍ 10 റണ്‍സെടുത്ത് നില്‍ക്കെയാണ് പുറത്തായത്. തുടര്‍ന്ന് റിസ്വാവനും (43) ഇഫ്തിഖാറും (28) ചേര്‍ന്ന് പാക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 12ാമത്തെ ഓവറില്‍ ഇഫ്തിഖാറിനെയും പാകിസ്താന് നഷ്ടമായി. ബൗളിങില്‍ പിന്നീട് ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ ഊഴമായിരുന്നു .ഇഫ്തിഖറിനെ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി പുറത്താക്കി. തുടര്‍ന്ന് റിസ്വാനെ ഹാര്‍ദ്ദിക്ക് ആവേശ് ഖാന് ക്യാച്ച് നല്‍കി പുറത്താക്കുകയായിരുന്നു.

പിന്നീട് വന്നവര്‍ പൊരുതാനാവാതെ പുറത്താവുകയായിരുന്നു. ഖുഷ്ദില്‍ (2), ഷദാബ് (10), ആസിഫ് അലി (9), നവാസ് (1), നസീം (0) എന്നിവര്‍ പെട്ടെന്ന് പുറത്തായി. റൗഫ് (13), ഡാനി (16) എന്നിവര്‍ പുറത്താവാതെ നിന്നു.




Tags:    

Similar News