വിന്‍ഡീസിനെതിരായ ട്വന്റി പരമ്പര ഇന്ത്യയ്ക്ക്
നേരത്തെ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. കെ എല്‍ രാഹുലിന്റെയും (91), രോഹിത്ത് ശര്‍മ്മയുടെയും (71), ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്.
മുംബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 67 റണ്‍സിന്റെ ജയം. ജയത്തോടെ ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഇന്ത്യ നല്‍കിയ കൂറ്റന്‍ ലക്ഷ്യമായ 240 റണ്‍സ് പിന്‍തുടര്‍ന്ന വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സിന് പുറത്താവുകയായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കൊപ്പം ബൗളിങ് നിരയും ഫോമിലേക്കുയര്‍ന്നപ്പോള്‍ ജയം ആതിഥേയര്‍ക്കൊപ്പമായിരുന്നു.ദീപക് ചാഹര്‍ , ഭുവനേശ്വര്‍ കുമാര്‍ , മുഹമ്മദ് ഷമി, കേദര്‍ യാദവ് എന്നിവര്‍ ഇന്ത്യയ്ക്കുവേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 41 റണ്‍സെടുത്ത് ഹെറ്റ്‌മെയറും 68 റണ്‍സെടുത്ത് പൊള്ളാര്‍ഡും കരീബിയന്‍ നിരയില്‍ പിടിച്ചുനിന്നെങ്കിലും പിന്നീട് വന്നവര്‍ താളം കണ്ടെത്താത്തത് സന്ദര്‍ശകര്‍ക്ക് വിനയാവുകയായിരുന്നു.
നേരത്തെ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. കെ എല്‍ രാഹുലിന്റെയും (91), രോഹിത്ത് ശര്‍മ്മയുടെയും (71), ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സ് നേടുകയായിരുന്നു. 34 പന്തില്‍ നിന്നാണ് രോഹിത്ത് 71 റണ്‍സ് നേടിയത്. അഞ്ച് സിക്‌സടങ്ങുന്നതാണ് ഹിറ്റ്മാന്റെ ഇന്നിങ്‌സ്. ഇന്നത്തെ സിക്‌സ് നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്‌സുകള്‍ നേടിയ മൂന്നാമത്തെ താരമെന്ന റെക്കോഡും രോഹിത്ത് സ്വന്തമാക്കി. ക്രിസ് ഗെയിലും അഫ്രീദിയുമാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ ഈ നേട്ടം കൈവരിച്ച ആദ്യ താരമെന്ന റെക്കോഡും ഹിറ്റ്മാന്‍ സ്വന്തമാക്കി. 361 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. 56 പന്തില്‍ നിന്നാണ് രാഹുലിന്റെ 91 റണ്‍സ് നേട്ടം. 29 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകള്‍ ഉള്‍പ്പെട്ടതാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഋഷഭ് പന്ത് ഇക്കുറിയും ആരാധകരെ നിരാശരാക്കി. താരം റണൊന്നുമെടുക്കാതെ പുറത്തായി. ആദ്യ മല്‍സരത്തില്‍ ജയം ഇന്ത്യക്കൊപ്പവും രണ്ടാമത്തെ മല്‍സരത്തില്‍ ജയം വെസ്റ്റ്ഇന്‍ഡീസിനൊപ്പവുമായിരുന്നു.