കോലി-രോഹിത്ത് ജോഡി അടിച്ചെടുത്തു; ട്വന്റി പരമ്പര ഇന്ത്യയ്ക്ക്
20 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കുകയായിരുന്നു.
അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റിയില്‍ 36 റണ്‍സിന്റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. അവസാന ട്വന്റിയില്‍ മികച്ച ബാറ്റിങുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളം വാണപ്പോള്‍ പരമ്പര 3-2ന് ഇന്ത്യയുടെ അക്കൗണ്ടിലായി. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ബട്‌ലറും(52), മാലാനും(68) ഇംഗ്ലണ്ടിനായി തുടക്കത്തില്‍ ആഞ്ഞടിച്ചെങ്കിലും പിന്നീട് വന്നവര്‍ക്ക് അതേ ഫോം നിലനിര്‍ത്താനായില്ല. ഇന്ത്യയ്ക്കായി ശ്രാദ്ദുല്‍ ഠാക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് നേടി. ഹാര്‍ദ്ദിക്ക് പാണ്ഡെയും ഈ പരമ്പരയില്‍ ആദ്യമായി കളിച്ച നടരാജനും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ ഇന്ന് നടത്തിയത്. രാഹുലിന് പകരം നടരാജനെ ടീമിലെടുക്കയും ഹാര്‍ദ്ദിക്കിന് ടോപ് ഓര്‍ഡറിലേക്ക് കൊണ്ടുവരികയും ചെയ്തു. രോഹിത്ത് ശര്‍മ്മയും (64), കോഹ്‌ലിയുമാണ് (80*) ഇന്ന് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും (32), ഹാര്‍ദ്ദിക്ക് പാണ്ഡെയും (39*) വെടിക്കെട്ട് ബാറ്റിങ് നടത്തി. 20 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കുകയായിരുന്നു.