കെകെആര്‍ താരങ്ങള്‍ ഐസുലേഷനില്‍; ആര്‍സിബിക്കെതിരായ മല്‍സരം മാറ്റിവച്ചു
കൊല്‍ക്കത്തയുടെ ചില താരങ്ങള്‍ക്ക് കൊവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അഹ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കേണ്ടിയരുന്ന കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മല്‍സരം മാറ്റിവച്ചു. കൊല്‍ക്കത്താ താരങ്ങള്‍ ഐസുലേഷനില്‍ ആയതിനാല്‍ ഇന്നത്തെ മല്‍സരം മാറ്റിവയ്ക്കണമെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ കൊല്‍ക്കത്തയുടെ ചില താരങ്ങള്‍ക്ക് കൊവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കൊല്‍ക്കത്തയ്ക്കായി ആഭ്യന്തര മല്‍സരങ്ങളില്‍ കളിക്കുന്ന ബൗളര്‍ക്കും ഒരു വിദേശ താരത്തിനുമാണ് രോഗം കണ്ടെത്തിയത്. ഇവര്‍ ടീമിലെ എല്ലാ താരങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ എല്ലാം ഐസുലേഷനില്‍ കയറിയത്. വരും ദിവസങ്ങളില്‍ ടീമിലെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രോഗിയുമായി ബന്ധമുള്ള താരങ്ങള്‍ ആറ് ദിവസം ഐസുലേഷനില്‍ കഴിയണമെന്നാണ് ഐപിഎല്‍ ചട്ടം. തുടര്‍ന്ന് മൂന്ന് ടെസ്റ്റുകളില്‍ ഫലം നെഗറ്റീവായാല്‍ മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാന്‍ കഴിയൂ.