ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം; നാല് ടീമുകള്‍ പരിക്കിന്റെ പിടിയില്‍
മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും പരിക്ക് പിടികൂടിയിട്ടുണ്ട്.
മുംബൈ: മാര്‍ച്ച് 26ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ പരിക്കിന്റെ പിടിയില്‍ നാല് ടീമുകള്‍. പ്രമുഖ താരങ്ങളുടെ പരിക്കാണ് നാല് ടീമുകള്‍ക്ക് വില്ലനാവുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കാണ് പരിക്ക് തലവേദന സൃഷ്ടിക്കുന്നത്.
ചെന്നൈ ഇത്തവണ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓള്‍ റൗണ്ടര്‍ ദീപക് ചാഹറിന് ഐപിഎല്ലിന്റെ പകുതിയോളം മല്‍സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.വിന്‍ഡീസിനെതിരായ പരമ്പരയിലാണ് താരത്തിന് പരിക്കേറ്റത്. സിഎസ്‌കെയുടെ ഋതുരാജ് സിങും പരിക്കിന്റെ പിടിയിലാണ്. ദിവസങ്ങള്‍ക്കുള്ളില്‍ താരം ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ താരം ആന്ററിച്ച് നോര്‍ട്ട്‌ജെയുടെ പരിക്ക് തിരിച്ചടിയാവുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ താരം ദേശീയ ടീമിനായി ഇറങ്ങിയിട്ടില്ല. ഐപിഎല്ലിന്റെ പകുതി മല്‍സരങ്ങള്‍ നോര്‍ട്ട്‌ജെയ്ക്ക് നഷ്ടമാവും.
മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും പരിക്ക് പിടികൂടിയിട്ടുണ്ട്. നിലവില്‍ ടീം സ്‌ക്വാഡിലുണ്ട്. താരത്തിനും ആദ്യ റൗണ്ട് മല്‍സരങ്ങള്‍ നഷ്ടമായേക്കും.
തോളെല്ലിന് പരിക്കേറ്റ ന്യൂസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണും കഴിഞ്ഞ നവംബറിന് ശേഷം കളിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ മുംബൈയില്‍ എത്തിയിട്ടുണ്ടെങ്കിലും ടീമിനൊപ്പം എന്ന് ചേരുമെന്ന കാര്യത്തില്‍ വൃക്തതയില്ല. പ്രമുഖ താരങ്ങളുടെ കുറവ് ടീമുകള്‍ക്ക് വന്‍ തിരിച്ചടിയാവുമെന്നുറപ്പ്.