നോ ബോള്‍ വിവാദം; പെരുമാറ്റചട്ടലംഘനത്തിന് ഡല്‍ഹിക്ക് വന്‍ പിഴ
പവല്‍ മികച്ച ഫോമില്‍ മൂന്ന് സിക്‌സര്‍ പറത്തി നില്‍ക്കവെ ആയിരുന്നു വിവാദ സംഭവം അരങ്ങേറിയത്.
മുംബൈ: കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിലെ നോ ബോള്‍ വിവാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് പിഴയിട്ട് ബിസിസിഐ. മല്‍സരത്തില്‍ പരാജയപ്പെട്ട ഡല്‍ഹി മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴയൊടുക്കേണ്ടത്. വിവാദം അരങ്ങേറിയത് മല്‍സരത്തിന്റെ 19ാം ഓവറിലാണ്.ഈ ഓവറില്‍ ഡിസി താരം റോവ്മാന്‍ പവല്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ നേടിയിരുന്നു. മൂന്നാമത്തെ സിക്‌സിനൊപ്പം നോബോള്‍ കൂടി അനുവദിക്കണമെന്നായിരുന്ന ഡല്‍ഹിയുടെ ആവശ്യം. ഇത് അംമ്പയര്‍ നിഷേധിച്ചിരുന്നു. ഇതില്‍ രോഷകുലനായ ക്യാപ്റ്റന്‍ പന്ത് ക്രീസിലൂണ്ടായിരുന്ന താരങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു.
കൂടാതെ ഡിസിയുടെ ബാറ്റിങ് കോച്ച് പ്രവീണ്‍ ആംറെ അംമ്പയറോട് ഗ്രൗണ്ടിലിറങ്ങി തര്‍ക്കിക്കുകയും ചെയ്തിരുന്നു. പ്രവീണ്‍ ആംറയക്ക് ബിസിസിഐ ഒരു മല്‍സരത്തില്‍ വിലക്ക് വിധിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ. പവലിനൊപ്പം ക്രീസിലുണ്ടായിരുന്ന ശ്രാദ്ധുല്‍ ഠാക്കൂര്‍ മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കണം. മല്‍സരത്തിന്റെ താളം തെറ്റിച്ച ഋഷഭ് പന്തിനെതിരേ ആരാധകരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. അവസാന ഓവറില്‍ 36 റണ്‍സായിരുന്നു ഡിസിക്ക് വേണ്ടിയിരുന്നത്. പവല്‍ മികച്ച ഫോമില്‍ മൂന്ന് സിക്‌സര്‍ പറത്തി നില്‍ക്കവെ ആയിരുന്നു വിവാദ സംഭവം അരങ്ങേറിയത്. ഇത് താരത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും ഇതാണ് ടീമിന്റെ തോല്‍വിക്ക് ഇടയാക്കിയതെന്നുമാണ് ആരാധകരുടെ പക്ഷം.