അയ്യരും ഫിഞ്ചും പൊരുതി; ചാഹല്‍ ഹാട്രിക്കില്‍ റൈഡേഴ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍
ജയത്തോടെ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ പൊരുതി വീണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഏഴ് റണ്‍സിന്റെ ജയമാണ് സഞ്ജു സാംസണ്‍ന്റെ ടീം നേടിയത്. ഹാട്രിക്കടക്കം അഞ്ച് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലാണ് രാജസ്ഥാന്‍ ജയം എളുപ്പമാക്കിയത്. ബട്‌ലറുടെ സെഞ്ചുറി മികവില്‍ റോയല്‍സ് നേടിയ 218 എന്ന റണ്‍മല പിന്‍തുടര്‍ന്ന് കൊല്‍ക്കത്ത രണ്ട് പന്ത് ശേഷിക്കെ 210 റണ്‍സിന് പുറത്തായി.
51 പന്തില്‍ 85 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 28 പന്തില്‍ 58 റണ്‍സുമായി ആരോണ്‍ ഫിഞ്ചുമാണ് നൈറ്റ് റൈഡേഴ്‌സിനായി വെടിക്കെട്ടുമായി പൊരുതി നിന്നത്. ഈ ഐപിഎല്ലിലെ ആദ്യ ഹാട്രിക്ക് ഉടമയാണ് ചാഹല്‍. ശ്രേയസ് അയ്യര്‍, നിതേഷ് റാണാ (18), വെങ്കിടേഷ് അയ്യര്‍(6),ശിവം മാവി(0), കമ്മിന്‍സ്(0) എന്നിവരുടെ വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയത്. ജയത്തോടെ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത ആറാംസ്ഥാനത്താണ്.
ഈ സീസണിലെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുമായാണ് ജോസ് ബട്‌ലര്‍ ഇന്ന് തിളങ്ങിയത്. ബട്‌ലര്‍ 61 പന്തില്‍ 103 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സെടുത്തു. 13 പന്തില്‍ 26 റണ്‍സെടുത്ത് ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നു. നിശ്ചിത ഓവറില്‍ റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു.