ഐപിഎല്‍; റസ്സലിന്റെ പോരാട്ടം അതിജീവിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് ജയം
ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ 49 പന്തില്‍ 67 റണ്‍സുമായി ഗുജറാത്തിന്റെ ടോപ് സ്‌കോററായി.
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവര്‍ ത്രില്ലറിലാണ് ജയം ഗുജറാത്തിനൊപ്പം നിന്നത്. വെടിക്കെട്ട് പുറത്തെടുത്ത് റസ്സലാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍.അവസാന ഓവറില്‍ കെകെആറിന് വേണ്ടത് അഞ്ച് പന്തില്‍ 12 റണ്‍സായിരുന്നു. അന്‍സാരി ജോസഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് റസ്സല്‍ സിക്‌സര്‍ പറത്തിയിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ റസ്സല്‍(25 പന്തില്‍ 48) പുറത്തായി. ഇതോടെ കെകെആര്‍ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. നേരത്തെ 34/4 എന്ന നിലയില്‍ തകര്‍ന്ന കെകെആറിനെ പിടിച്ചുയര്‍ത്ത് റിങ്കുസിങും വെങ്കിടേഷ് അയ്യരും (17) ചേര്‍ന്നാണ്. 35 റണ്‍സെടുത്ത റിങ്കു സിങ്, റസ്സല്‍ എന്നിവരൊഴികെ ആര്‍ക്കും കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ ആേ്രന്ദ റസ്സലും ടിം സൗത്തിയും ചേര്‍ന്ന് 156ല്‍ ഒതുക്കിയിരുന്നു. റസ്സല്‍ നാലും സൗത്തി മൂന്നും വിക്കറ്റ് നേടിയിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ 49 പന്തില്‍ 67 റണ്‍സുമായി ഗുജറാത്തിന്റെ ടോപ് സ്‌കോററായി. വൃദ്ധിമാന്‍ സാഹ(25), ഡേവിഡ് മില്ലര്‍ (27), രാഹുല്‍ തേവാട്ടിയ(17) എന്നിവരൊഴിച്ച് ബാക്കിയുള്ള ടൈറ്റന്‍സ് താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.
ഏഴില്‍ ആറ് ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് നിലയില്‍ വീണ്ടും ഒന്നാമതെത്തി. എട്ടില്‍ മൂന്ന് ജയം മാത്രമുള്ള കൊല്‍ക്കത്ത പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.