ഐപിഎല്ലില്‍ അക്കൗണ്ട് തുറക്കാനാവാതെ മുംബൈ ഇന്ത്യന്‍സ് വീണ്ടും വീണു

ഡാനിയല്‍ സാംസ് നാല് വിക്കറ്റ് നേടി

Update: 2022-04-21 18:27 GMT


മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴാം മല്‍സരത്തിലും പരാജയപ്പെട്ട് മുംബൈ ഇന്ത്യന്‍സ്. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്നിലാണ് മുംബൈ ഇന്ന് മൂന്ന് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയത്. ലീഗില്‍ രണ്ടാം ജയം നേടി ചാംപ്യന്‍മാര്‍ ഇന്ന് മുഖം രക്ഷിച്ചു. അവസാന ഓവറില്‍ 17 റണ്‍സ് വേണ്ട ചെന്നൈക്ക് രക്ഷകനായത് ഫിനിഷര്‍ മഹേന്ദ്ര സിങ് ധോണിയാണ്.താരം 13 പന്തില്‍ 28 റണ്‍സ് നേടി. പ്രിട്ടോറിയസ് 14 പന്തില്‍ 22 റണ്‍സുമായി ധോണിക്ക് മികച്ച പിന്തുണ നല്‍കി.


ഋതുരാജ് ഗെയ്ക്ക്‌വാദ് (0), സാന്റനര്‍(11) എന്നിവരെ മുംബൈ പെട്ടെന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഉത്തപ്പ(30), അമ്പാട്ടി റായിഡു (40) എന്നിവര്‍ ചെന്നൈയെ കരകയറ്റുകയായിരുന്നു. ക്യാപ്റ്റന്‍ ജഡേജക്ക് (3) ഇന്നും ഫോം കണ്ടെത്താനായില്ല. ഡാനിയല്‍ സാംസ് നാല് വിക്കറ്റ് നേടിയും ജയദേവ് ഉന്‍ദ്ഘട്ട് രണ്ട് വിക്കറ്റ് നേടിയും മുംബൈക്കായി മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. എന്നാല്‍ ധോണിയുടെ ചെറുത്ത് നില്‍പ്പ് മുംബൈയുടെ സീസണിലെ ആദ്യ ജയം നിഷേധിക്കുകയായിരുന്നു.


 നേരത്തെ തുടക്കത്തില്‍ വിക്കറ്റുകള്‍ പോയെങ്കിലും മുംബൈ പിന്നീട് വന്‍ തിരിച്ചുവരവ് നടത്തി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കുകയായിരുന്നു. തിലക് വര്‍മ്മ(518), സൂര്യകുമാര്‍ യാദവ്(32), ഹൃദ്വിക്ക് ഷോക്കീന്‍(25) എന്നിവരാണ് മുംബൈയെ കരകയറ്റിയത്. മുഖേഷ് ചൗധരി മൂന്നും ബ്രാവോ രണ്ടും വിക്കറ്റാണ് ചെന്നൈക്കായി നേടിയത്.





Tags:    

Similar News