ഡല്‍ഹിക്ക് മടക്ക ടിക്കറ്റ്; ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റും നല്‍കി മുംബൈ ഇന്ത്യന്‍സ്
മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് സ്വപ്‌നം അവസാനിച്ചു. ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി. ഇതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് ഉറപ്പിച്ചു. അഞ്ച് വിക്കറ്റിനാണ് മുംബൈയുടെ ജയം. നാല് ജയവുമായി ലീഗില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇത്തവണ ഫിനിഷ് ചെയ്തത്. 160 റണ്‍സിന്റെ ലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടി. മുംബൈയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ (48), ബ്രിവിസ് (37), ഡേവിഡ് (34) എന്നിവര്‍ തിളങ്ങി.
നേരത്തെ ഡല്‍ഹിയ്ക്കായി റൗവ്മാന്‍ പവല്‍ 43 ഉം ഋഷഭ് പന്ത് 39 ഉം റണ്‍സ് നേടി. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ 159 റണ്‍സ് നേടിയത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. ഏഴ് ജയവുമായി ഡല്‍ഹി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്ന് ഡല്‍ഹി ജയിച്ചിരുന്നെങ്കില്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്തുമായിരുന്നു. ഡല്‍ഹിക്ക് മുംബൈ ജയം നിഷേധിച്ചതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫില്‍ വാതില്‍ തുറക്കുകയായിരുന്നു.