ആറാം തോല്‍വി; മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ മോഹങ്ങള്‍ അസ്തമിക്കുന്നു
രാഹുലിന്റെ സെഞ്ചുറിയുടെ (103*) മികവിലാണ് ലഖ്‌നൗ നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തത്.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നു. ഇന്ന് തുടര്‍ച്ചയായ ആറാം തോല്‍വിയാണ് മുംബൈ വഴങ്ങിയത്.ഈ സീസണിലെ ഒരു ജയമെന്ന മുംബൈയുടെ സ്വപ്‌നം ഇന്നും സഫലമായില്ല. ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനോട് 18 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ ഇന്ന് ഏറ്റുവാങ്ങിയത്. 200 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈക്ക് പിന്‍തുടരാനായില്ല. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സുമായി മുംബൈ ഇന്നിങ്‌സ് അവസാനിപ്പിച്ചു. സൂര്യകുമാര്‍ യാദവ്(37), ബ്രിവിസ് (31),തിലക് വര്‍മ്മ(26), പൊള്ളാര്‍ഡ് (25) എന്നിവര്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 13 പന്തിലാണ് ബ്രിവ്‌സ് 31 റണ്‍സ് നേടിയത്. ലഖ്‌നൗവിനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.
ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ (103*) മികവിലാണ് ലഖ്‌നൗ നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തത്. 60 പന്തിലാണ് താരം 103 റണ്‍സ് നേടിയത്.മനീഷ് പാണ്ഡെ(38), ഡീ കോക്ക് (24) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു.