ധോണിക്ക് കീഴില്‍ സിഎസ്‌കെ തിരിച്ചുവരവ്; ജയം 13 റണ്‍സിന്
മുഖേഷ് ചൗധരി ചെന്നൈക്കായി നാല് വിക്കറ്റെടുത്തു.
പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ആദ്യമായി ധോണിക്ക് കീഴിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 13 റണ്‍സിന്റെ ജയമാണ് സിഎസ്‌കെ നേടിയത്. ചെന്നൈയുടെ മൂന്നാം ജയമാണിത്. മുന്‍ ക്യാപ്റ്റന്‍ ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ധോണി തല്‍സ്ഥാനം ഏറ്റെടുത്തത്. 203 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച എസ്ആര്‍എച്ച് ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. നിക്കോളസ് പൂരന്‍ 33 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് പൊരുതിയെങ്കിലും ഹൈദരാബാദിന് രക്ഷയുണ്ടായില്ല. പൂരനെ പുറമെ കെയ്ന്‍ വില്ല്യംസണ്‍ 47ഉം അഭിഷേക് ശര്‍മ്മ 39 റണ്‍സെടുത്ത് മികവ് തെളിയിച്ചു. മുഖേഷ് ചൗധരി ചെന്നൈക്കായി നാല് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഎസ്‌കെയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. സീസണില്‍ ആദ്യമായി തകര്‍പ്പന്‍ ഫോമിലേക്ക് വന്ന ഋതുരാജ് ഗെയ്ക്ക്‌വാദ് 99 റണ്‍സെടുത്തും കോണ്‍വെ 85 റണ്‍സെടുത്തുമാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്.
57 പന്തിലാണ് ഋതുരാജ് 99 റണ്‍സെടുത്ത് പുറത്തായത്. നടരാജനാണ് താരത്തെ പുറത്താക്കിയത്. 55 പന്തിലാണ് കോണ്‍വെ 85 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്.നടരാജന്‍ എസ്ആര്‍എച്ചിനായി രണ്ട് വിക്കറ്റെടുത്തു. ഹൈദരാബാദിന്റെ സൂപ്പര്‍ താരം ഉമ്രാന്‍ മാലിഖിന് ഇന്ന് ഒരു വിക്കറ്റ് നേടാനായില്ല. താരം നാലോവറില്‍ 48 റണ്‍സാണ് വിട്ടുകൊടുത്തത്.