വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു മണി
രേണുക സിങിനെ 1.50 കോടി മുടക്കിയാണ് ആര്‍സിബി തട്ടകത്തിലെത്തിച്ചത്.
മുംബൈ:വനിതാ ഐപിഎല്ലില്ലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി വയനാട്ടുകാരി മിന്നു മണി. പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് മിന്നു മണിയെ സ്വന്തമാക്കിയത്. താരത്തിനായി മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരുന്നു മല്‍സരം. ഒടുവില്‍ 30 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ ടീമിലെത്തിക്കുകയായിരുന്നു. ഇന്ത്യ എ ടീമിന് വേണ്ടി കളിച്ച 23 കാരിയായ മിന്നുമണി ഇടംകൈ ബാറ്ററാണ്.
വയനാട് ജില്ലയിലെ മാനന്തവാടി, ചോയ്മൂലയിലാണ് മിന്നുവിന്റെ വീട്. കൂലിപ്പണിക്കാരനായ കൈപ്പാട് മാവുംകണ്ടി മണിയുടേയും വസന്തയുടേയും മകളാണ്. മിന്നുവിന്റെ കുടുംബവും പരിശീലനവും മുന്നോട്ട് പോവുന്നത് താരത്തിന്റെ മല്‍സരങ്ങളില്‍ നിന്നും ലഭിക്കുന്ന വേദനത്തില്‍ നിന്നാണ്. വനിതാ ഐപിഎല്‍ കളിക്കുന്നതോടെ മിന്നുവിന്റെ തലവരയാണ് മാറാന്‍ പോവുന്നത്. സ്മൃതി മന്ദാനയുടെയും വിരാട് കോഹ് ലിയുടെയും ഷോട്ടുകളാണ് മിന്നുവിന് ഇഷ്ടം. പ്രത്യേകിച്ച് ആരോടും താര ആരാധനയില്ല.
മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എട്ടില്‍ പഠിക്കുമ്പോള്‍ കായിക അധ്യാപിക എത്സമ്മയാണ് മിന്നുവിലെ കായിക താരത്തെ കണ്ടെത്തിയത്. അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. തൊടുപുഴയിലെ ജൂനിയര്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചതോടെയാണ് അവസരങ്ങള്‍ തേടി എത്തിയത്. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
ഓഫ് സ്പിന്നര്‍ കൂടിയായ ഈ ഇരുപത്തിമൂന്നുകാരി കേരളത്തിനായി അണ്ടര്‍ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു മിന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.
ഇരുന്നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുളള ഇതിഹാസ താരങ്ങളായ ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ്, ഇന്ത്യന്‍ താരങ്ങളായ ജമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. ഇത്രത്തോളം ഉയര്‍ന്ന തലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണെന്നാണ് മിന്നു പറയുന്നു.
മറ്റ് മലയാളി താരങ്ങളായ നജ്‌ല, കീര്‍ത്തി കെ ജെയിംസ്, എസ് സഞ്ജന, അനശ്വര സന്തോഷ്, ടി ടി ഷൈനി, വി എസ് മൃദുല എന്നിവര്‍ അണ്‍സോള്‍ഡ് താരങ്ങളാണ്.ലേലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥായെ 3.4കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ലേലത്തിലെ ഏറ്റവും വിലകൂടിയ താരം മന്ഥാനയാണ്. ഓസ്‌ട്രേലിയുടെ ആഷ്‌ലി ഗാര്‍ഡനറെ 3.2 കോടിക്ക് ഗുജറാത്ത് ഗെയ്ന്റസ് വാങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ് ആണ്. 1.8 കോടിക്കാണ് കൗര്‍ മുംബൈയില്‍ എത്തിയത്. ഇന്ത്യന്‍ പേസര്‍ ദീപ്തി ശര്‍മ്മയെ യുപി വാരിയേഴ്‌സ് 2.6കോടിക്ക് ടീമിലെത്തിച്ചു. രേണുക സിങിനെ 1.50 കോടി മുടക്കിയാണ് ആര്‍സിബി തട്ടകത്തിലെത്തിച്ചത്.