ഐ പി എല്‍ മാര്‍ച്ച് 22 മുതല്‍; ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ പ്രഖ്യാപിക്കും

Update: 2024-02-21 09:08 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണ്‍ മാര്‍ച്ച് 22ന് തുടങ്ങുമെന്നു ലീഗ് ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ അറിയിച്ചു. എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കും. ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ മാത്രമാകും പുറത്തുവിടുകയെന്നും ബാക്കി മത്സരങ്ങളുടേത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ പി എല്ലിന്റെ 17ാം എഡിഷന്‍ എന്ന് തുടങ്ങുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. 'മാര്‍ച്ച് 22ന് ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ട്. ആദ്യം പ്രാരംഭ ഷെഡ്യൂള്‍ പുറത്തിറക്കും. ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയിലായിരിക്കും നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പ് തിയ്യതികള്‍ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -അരുണ്‍ ധുമല്‍ പറഞ്ഞു.

2009ലാണ് ഐ പി എല്‍ പൂര്‍ണമായി വിദേശരാജ്യത്ത് നടന്നത്. ദക്ഷിണാഫ്രിക്കയിലായിരുന്നു മത്സരങ്ങള്‍. 2014ല്‍ തിരഞ്ഞെടുപ്പ് കാരണം ഏതാനും മത്സരങ്ങള്‍ യു എ ഇയില്‍ നടത്തി. എന്നാല്‍, 2019ല്‍ തിരഞ്ഞെടുപ്പുണ്ടായിട്ടും മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയിലാണ് നടന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാവും ഉദ്ഘാടന മത്സരം.





Tags:    

Similar News