ഐപിഎല്‍; സൂപ്പര്‍ കിങ്‌സിന് സണ്‍റൈസേഴ്‌സിന്റെ ഷോക്ക്

ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറു വിക്കറ്റിന് തോറ്റു.

Update: 2019-04-17 18:24 GMT

ഹൈദരാബാദ്: ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറു വിക്കറ്റിന് തോറ്റു. ലീഗിലെ ചെന്നൈയുടെ രണ്ടാം തോല്‍വിയാണിത്. ഇന്ന് നടന്ന മല്‍സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ ചെറിയ സ്‌കോറായ 132 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 16.5 ഓവറില്‍ ഹൈദരാബാദ് നേടി. ഡേവിഡ് വാര്‍ണറും (50), ബെയര്‍സ്‌റ്റോയും (64) ചേര്‍ന്നാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്. വാര്‍ണറുടെ അര്‍ധസെഞ്ചുറി 25 പന്തിലാണെങ്കില്‍ ബെയര്‍സ്‌റ്റോയുടെ 61 റണ്‍സ് 44 പന്തിലാണ് നേടിയത്. ബെയര്‍സ്‌റ്റോ പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷെയ്ന്‍ വാട്‌സണ്‍(31), ഫഫ് ഡു പ്ലിസിസ് (45) എന്നിവര്‍ ചെന്നൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, ഷഹബാസ് നദീം വാട്‌സനെയും വിജയ് ശങ്കര്‍ ഡു പ്ലിസിസിനെയും പുറത്താക്കിയതോടെ ചെന്നൈ തകര്‍ച്ചയിലേക്ക് നീങ്ങി. ക്യാപ്റ്റന്‍ ധോണിക്ക് വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് സുരേഷ് റെയ്‌നയാണ് ടീമിനെ നയിച്ചത്. റെയ്‌ന 13 റണ്‍സെടുത്തു. തുടര്‍ന്ന് വന്നവരില്‍ അമ്പാട്ടി റായിഡുവിന് മാത്രമേ (21 പന്തില്‍ നിന്ന് 25) പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്ത് ചെന്നൈ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ഹൈദരാബാദിന്റെ തകര്‍പ്പന്‍ ബൗളിങിനാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാനാണ് ചെന്നൈയെ 132 റണ്‍സില്‍ ചുരുട്ടിക്കെട്ടിയത്. ഖലീല്‍ അഹമ്മദ്, ഷഹബാസ് നദീം, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഹൈദരാബാദിന്റെ നാലാം വിജയമാണിത്. 

Tags:    

Similar News