ജമ്മു കശ്മീര്‍ കോച്ചിങ് സ്റ്റാഫിന് വേതനം നല്‍കാതെ ബിസിസിഐ
വനിതാ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ ടീമിന് വേതനം നല്‍കാത്തതും അടുത്തിടെ വാര്‍ത്തയായിരുന്നു.
ശ്രീനഗര്‍: രഞ്ജി താരങ്ങള്‍ക്ക് വേതനം നല്‍ക്കാത്ത ആരോപണത്തിന് പിന്നാലെ ജമ്മു കശ്മീര്‍ കോച്ചിങ് സ്റ്റാഫുകളും ബിസിസിഐക്കെതിരേ. 2019-20 ആഭ്യന്തര സീസണിലെ ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലകര്‍, ഉപദേഷ്ടാക്കള്‍,ഫിസിയോ, ട്രെയ്‌നേഴ്‌സ്, വീഡിയോ അനലിസ്റ്റ് എന്നിവരുടെ വേതനമാണ് ബിസിസിഐ നല്‍കാത്തത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് ഇതിനെ കുറിച്ച് ധാരണയില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.
ബിസിസിഐയോട് ഇക്കാര്യം അറിയിച്ചപ്പോഴും അവര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് അസോസിയേഷന്റെ സിഇഒ ആഷിഖ് അലി ബുഖാരി പറയുന്നത്. രഞ്ജി ട്രോഫിയില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവര്‍ക്കാണ് വേതനം ലഭിക്കാത്തത്. 1.5കോടി രൂപയാണ് സ്റ്റാഫുകള്‍ക്ക് ലഭിക്കാനുള്ളത്. ആഭ്യന്തര ക്രിക്കറ്റിലെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ സ്‌പ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ കരാറും പുതുക്കിയിട്ടില്ല. ബിസിസിഐയോട് ജമ്മു കശ്മീരിലെ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ ഇടപെടണമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ 2019-20 സീസണില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും രഞ്ജി താരങ്ങള്‍ക്കും വേതനം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്നാണ് വേതനം നല്‍കാത്തതെന്നും സംസ്ഥാനങ്ങള്‍ താരങ്ങളുടെ വിശദവിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നുമാണ് ബിസിസിഐയുടെ പ്രതികരണം. കഴിഞ്ഞ ട്വന്റി വനിതാ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ ടീമിന് വേതനം നല്‍കാത്തതും അടുത്തിടെ വാര്‍ത്തയായിരുന്നു.