വനിതാ താരങ്ങള്‍ക്കും ഹോഡ്ജിനും പിന്നാലെ രഞ്ജി താരങ്ങളും ബിസിസിഐക്കെതിരേ

കൊച്ചി ടസ്‌കേഴ്‌സ് താരങ്ങള്‍ക്ക് പ്രതിഫലയിനത്തില്‍ 35 ശതമാനം ലഭിക്കാനുണ്ടെന്ന് ഹോഡ്ജ് അറിയിച്ചിരുന്നു.

Update: 2021-05-25 07:10 GMT


ഡല്‍ഹി: ഐസിസി ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് ബിസിസിഐ സമ്മാനത്തുക നല്‍കാത്തതിന് പിന്നാലെ രഞ്ജി താരങ്ങളും സമാന ആരോപണവുമായി രംഗത്ത്. 700 ലധികം രഞ്ജി താരങ്ങള്‍ക്കാണ് ബിസിസിഐ ആശ്വാസ വേതനം നല്‍കാത്തത്.2019-20 സീസണിലെ ഒരു വര്‍ഷത്തെ വേതനമാണ് താരങ്ങള്‍ക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് രഞ്ജി ട്രോഫി ഉപേക്ഷിച്ചിരുന്നു.


എന്നാല്‍ അതാത് സംസ്ഥാനങ്ങള്‍ താരങ്ങളുടെ വിവരങ്ങള്‍ കൈമാറത്തതിനെ തുടര്‍ന്നാണ് വേതനങ്ങള്‍ നല്‍കാത്തതെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. താരങ്ങള്‍ കളിച്ച മല്‍സരങ്ങളെ കുറിച്ച് ബിസിസിഐക്ക് ധാരണയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


കഴിഞ്ഞ വനിതാ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ടീമിന് ഇതുവരെ വേതനം നല്‍കിയിട്ടില്ലെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍ വേതനം നല്‍കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്നാണ് താരങ്ങളുടെ വേതനം മുടങ്ങിപ്പോയതെന്നാണ് ബിസിസിഐയുടെ വിശദീകരണം.


അതിനിടെ ബിസിസിഐക്കെതിരേ മുന്‍ ഓസിസ് താരം ബ്രാഡ് ഹോഡ്ജും രംഗത്തു വന്നിരുന്നു. 2011ല്‍ ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ താരമായ താനടക്കമുള്ള താരങ്ങള്‍ക്ക് പ്രതിഫലയിനത്തില്‍ ബിസിസിഐ 35 ശതമാനം ലഭിക്കാനുണ്ടെന്ന് ഹോഡ്ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിസിസിഐ ഇത് നല്‍കാനുള്ള വഴി ആലോചിക്കണമെന്നും ഹോഡ്ജ് അഭിപ്രായപ്പെട്ടു. 2011ല്‍ കളിച്ച കൊച്ചി ടസ്‌കേഴ്‌സിനെ ബാങ്ക് ഗ്യാരന്റി നല്‍കാത്തതിനെ തുടര്‍ന്ന് അടുത്ത സീസണില്‍ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തില്‍ കൊച്ചി ടസ്‌കേഴ്‌സ് ജയിക്കുകയും നഷ്ടപരിഹാരതുക ലഭിക്കുകയും ചെയ്തിരുന്നു.




Tags:    

Similar News