ഇംഗ്ലിഷ് ഭീമന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഐപിഎല്ലിലേക്ക്
രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പുതിയ ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലത്തിനായി യുനൈറ്റഡും രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്.
ലണ്ടന്‍: ഫുട്‌ബോള്‍ ഭീമന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടമകള്‍ ഗ്ലേസേഴ്‌സ് ഐപിഎല്ലിലേക്കും കാല് വയ്ക്കുന്നു. അടുത്ത ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിക്കായാണ് ഗ്ലേസേഴ്‌സ് രംഗത്ത് വരുന്നത്.രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പുതിയ ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലത്തിനായി യുനൈറ്റഡും രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന് അപേക്ഷിക്കാനുള്ള സമ്മതപത്രം ഗ്ലേസേഴ്‌സ് കൈപ്പറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ടീമുകള്‍ കൂടിയാണ് ഐപിഎല്ലിലേക്ക് വരുന്നത്. വിദേശ കമ്പനികള്‍ക്കും ഐപിഎല്‍ ഫ്രാഞ്ചൈസിക്കായി രംഗത്ത് വരാമെന്നാണ് നിയമം. 3,000 കോടി ലാഭമുള്ള കമ്പനികള്‍ക്കാണ് പുതിയ ഫ്രാഞ്ചൈസിയ്ക്കായി അപേക്ഷിക്കാന്‍ കഴിയൂ. അദാനി ഗ്രൂപ്പ്, ജിന്റാല്‍ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ ടൈസ് മീഡിയ, ടോറന്റ് ഫാര്‍മ, ഔറോബിന്തോ ഫാര്‍മ, ആര്‍പി സഞ്ജീവ് ഗോയെങ്കേ ഗ്രൂപ്പ് എന്നിവരാണ് മറ്റ് ഫ്രാഞ്ചൈസികള്‍ക്കായി രംഗത്തുള്ളത്.