സിഡ്‌നി ഏകദിനം: ഹാര്‍ദ്ദിക്കും ധവാനും പൊരുതി; ഇന്ത്യയ്ക്ക് തോല്‍വി

Update: 2020-11-27 12:49 GMT

സിഡ്നി: ആസ്ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വന്‍ തോല്‍വി. 375 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റിന് 308 റണ്‍സെടുത്ത് തോല്‍വി അടിയറവയ്ക്കുകയായിരുന്നു. 66 റണ്‍സിന്റെ ആധികാരിക ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ശിഖര്‍ ധവാനും (74), ഹാര്‍ദ്ദിക്ക് പാണ്ഡെ (90)യും കംഗാരുകള്‍ക്കെതിരേ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ധവാനും പാണെഡയ്ക്കും ശേഷം ജഡേജയും (25), സെയ്നിയും (29) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഓസിസ് ശക്തിക്കു മുന്നില്‍ തകരുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ വിക്കറ്റുകള്‍ പെട്ടെന്ന് തെറിച്ചിരുന്നു. ധവാന്‍ ഒരു വശത്ത് നിന്ന് സ്‌കോര്‍ ചലിപ്പിക്കുകയായിരുന്നു. മായങ്ക് അഗര്‍വാള്‍(22), വിരാട് കോഹ്ലി (21), ശ്രേയസ്സ് അയ്യര്‍(2), രാഹുല്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. പാണ്ഡെയുമായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ സാംബയുടെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി ധവാന്‍ പുറത്താവുകയായിരുന്നു. ഇതേ നിലയില്‍ തന്നെ പാണ്ഡെയും പുറത്താവുകയായിരുന്നു. ഓസിസിന്റെ ജോഷ് ഹാസെല്‍വുഡിനാണ് മൂന്ന് വിക്കറ്റ്. സാംബ നാല് വിക്കറ്റും നേടി.

നേരത്തെ ടോസ് നേടിയ ഓസിസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് (114), സ്റ്റീവന്‍ സ്മിത്ത് (105), ഡേവിഡ് വാര്‍ണര്‍ (69), മാക്സ്വെല്‍ (45) എന്നിവരുടെ ബാറ്റിങ് മികവിലാണ് കംഗാരുക്കള്‍ കുറ്റന്‍ റണ്‍മഴ പെയ്യിച്ചത്. കണക്കിന് റണ്‍സ് കൈവിട്ടെങ്കിലും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. യുസ്വേന്ദ്ര ചാഹല്‍, നവദീപ് സെയ്നി, ജസ്പ്രീത് ബുംറ എന്നിവരെ ഓസിസ് ബാറ്റ്സ്മാന്‍മാര്‍ തല്ലിചതയ്ക്കുകയായിരുന്നു. മൂവരും ഓരോ വിക്കറ്റ് വീതം കരസ്ഥമാക്കി.




Similar News