
ബെംഗ്ലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗ്ലൂരുവിനെ രജത് പാടീദാര്‍ നയിക്കും. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ അവസാനിച്ചു. 31കാരനായ ബാറ്ററുടെ കൈകളിലേക്ക് ക്യാപ്റ്റന്‍സി ഉത്തരവാദിത്വം നല്‍കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ആദ്യ കിരീടമെന്ന ആര്‍സിബിയുടെ 18 വര്‍ഷത്തെ കാത്തിരിപ്പ് രജത് പാടീദാര്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
11 കോടി രൂപയ്ക്കായിരുന്നു രജത്തിന് താര ലേലത്തിന് മുന്‍പ് ആര്‍സിബി ടീമില്‍ നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഡുപ്ലെസിസില്‍ നിന്നാണ് രജത് ആര്‍സിബിയുടെ ക്യാപ്റ്റന്‍സി ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. 2022 മുതല്‍ 2024 വരെ ആര്‍സിബിയെ നയിച്ചത് ഡുപ്ലസിസ് ആയിരുന്നു.
ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ രജത്തിനെ കൂടാതെ വിരാട് കോഹ് ലി യഷ് ദയാല്‍ എന്നിവരെയാണ് ആര്‍സിബി ടീമില്‍ നിലനിര്‍ത്തിയത്. ഇത് ആദ്യമായാണ് രജത് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുന്നത്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ രജത്തിന് പരിചയസമ്പത്തുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മധ്യപ്രദേശിനെ രജത് നയിച്ചിരുന്നു.
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിലെ ഫൈനലിലേക്ക് നയിക്കാനും രജത്തിന് സാധിച്ചിരുന്നു. ഫൈനലില്‍ മുംബൈക്ക് മുന്‍പില്‍ നേരിയ വ്യത്യാസത്തില്‍ രജത്തിന്റെ മധ്യപ്രദേശിന് കാലിടറുകയായിരുന്നു. ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രജത്. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലേ, വിരാട് കോഹ് ലി എന്നിവരാണ് രജത്തിന് മുന്‍പേ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ഇന്ത്യന്‍ താരങ്ങള്‍.