രജത് പട്യാദര്‍; ആദ്യം പകരക്കാരന്റെ റോളില്‍; ഒടുവില്‍ ആര്‍സിബിയുടെ രക്ഷകന്‍
49 പന്തിലാണ് രജത്തിന്റെ സെഞ്ചുറി.
കൊല്‍ക്കത്ത: രജത് പട്യാദര്‍ എന്ന 28 കാരനായ ഇന്‍ഡോറുകാരനാണ് ഇന്ന് ആര്‍സിബിക്ക് എലിമിനേറ്ററില്‍ നിര്‍ണ്ണായക ജയമൊരുക്കിയത്. നിര്‍ഭാഗ്യം എന്നും വേട്ടയാടുന്ന ആര്‍സിബിക്ക് ഇന്ന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത് രജത് പട്യാദറിന്റെ കന്നി സെഞ്ചുറിയാണ്. കോഹ്‌ലിയും (25) ഫഫ് ഡു പ്ലിസ്സിസും (0), മാക്‌സ് വെല്ലും (9) പെട്ടെന്ന് പുറത്തായപ്പോള്‍ നിലയുറപ്പിച്ചതാണ് പട്യാദര്‍. അവസാന അഞ്ചോവറിലാണ് പട്യാദര്‍ മിന്നലായത്. 54 പന്തിലാണ് പുറത്താവാതെ താരം 112 റണ്‍സ് നേടിയത്. ഏഴ് സിക്‌സും 12 ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. 49 പന്തിലാണ് രജത്തിന്റെ സെഞ്ചുറി.
മദ്ധ്യപ്രദേശുകരാനായ പട്യാദര്‍ 2020ലും 2021ലും ബാംഗ്ലൂര്‍ സ്‌ക്വാഡിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ അവസരം ലഭിച്ചെങ്കിലും നാല് മല്‍സരങ്ങളില്‍ നിന്ന് 71 റണ്‍സ് മാത്രമാണ് പട്യാദര്‍ നേടിയത്. 2022ല്‍ ആര്‍സിബിക്കൊപ്പം ചേരുന്നത് അവിചാരിതമായാണ്. ലേലത്തില്‍ ആരും താരത്തെ വാങ്ങിയിരുന്നില്ല. തുടര്‍ന്ന് ലുവനിത് സിസോദിയക്ക് പരിക്കേറ്റതോടെയാണ് പട്യാദറിന് ടീമിലേക്ക് വിളിയെത്തുന്നത്.
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 39 മല്‍സരങ്ങളില്‍ നിന്നായി 2500 റണ്‍സ് നേടിയിട്ടുണ്ട്. ഇന്നത്തെ സെഞ്ചുറി കൂടാതെ ഈ സീസണില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 163 റണ്‍സാണ് നേട്ടം. ഒരു അര്‍ദ്ധസെഞ്ചുറിയും (52) താരം നേടിയിട്ടുണ്ട്.