അഡ്‌ലെയ്ഡില്‍ ഓസിസിന് ബാറ്റിങ് തകര്‍ച്ച; ഇന്ത്യക്ക് ലീഡ്
ഇന്ത്യക്ക് 62 റണ്‍സിന്റെ ലീഡാണുള്ളത്.
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് ലീഡ്. ഇന്ന് കളിനിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ലീഡാണുള്ളത്. 233 റണ്‍സുമായി ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ ഓസിസ് 244 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഓസിസിനായി സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടി. എന്നാല്‍ മറുപടി ബാറ്റിങില്‍ ഒന്നാം ഇന്നിങ്‌സിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ 191 റണ്‍സിന് പുറത്താക്കി തിരിച്ചടിച്ചു. രവിചന്ദ്ര അശ്വിന്‍(നാല് ), ഉമേഷ് യാദവ് (മൂന്ന്) എന്നിവരുടെ ബൗളിങാണ് ഇന്ത്യക്ക് തുണയായത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി. ഓസിസ് നിരയില്‍ ടിം പെയിന്‍ 73 ഉം ലബുഷഗെ 47 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് തുടര്‍ന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഫോം കണ്ടെത്താത്ത പൃഥ്വി ഷായുടെ (4) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മായങ്ക് അഗര്‍വാള്‍ (5), ബുംറ (0) എന്നിവരാണ് ക്രീസിലുള്ളത്.