ഷാര്‍ജ: പാക് വെടിക്കെട്ടു വീരന്‍ ഷാഹിദ് അഫ്രീദി നയിക്കുന്ന പക്തൂണ്‍സിനെ 22 റണ്‍സിനു തോല്‍പിച്ച് നോര്‍ത്തേണ്‍ വാരിയേഴ്‌സ് ട്വന്റി 10 ക്രിക്കറ്റ് ലീഗ് കിരീടം നേടി.
ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേണ്‍ വാരിയേഴ്‌സ് പത്തോവറില്‍ 140 റണ്‍സ് നേടിയപ്പോള്‍ പക്തൂണ്‍സിന്റെ മറുപടി ബാറ്റിങ് ഏഴു വിക്കറ്റിന് 118 റണ്‍സിന് അവസാനിച്ചു. വാരിയേഴ്‌സിനു വേണ്ടി റൊവ്മാന്‍ പവല്‍ 25 പന്തില്‍ 61 റണ്‍സും ആന്ദ്രെ റസല്‍ 12 പന്തില്‍ 38 റണ്‍സുമെടുത്തു. നാലു കൂറ്റന്‍ സിക്‌സറുകളും എട്ട് ബൗണ്ടറിയുമടങ്ങിയതാണ് പവലിന്റെ ഇന്നിങ്‌സ്. റസല്‍ നാലു സിക്‌സറും മൂന്നു ഫോറും നേടി.
പക്തൂണ്‍സ് നിരയില്‍ ആന്ദ്രെ ഫ്‌ളെച്ചര്‍ (18 പന്തില്‍ 37), അഫ്ഗാന്‍ താരം ഷഫീഖുല്ല(26) എന്നിവര്‍ക്കേ തിളങ്ങാനായുള്ളൂ. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി ഏഴു പന്തില്‍ രണ്ടു സിക്‌സറടക്കം 17 റണ്‍സ് നേടിയെങ്കിലും കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല.
പവലാണ് കളിയിലെ താരം. വാരിയേഴ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഹര്‍ദസ് വില്‍ജിയനാണ് ടൂര്‍ണമെന്റിലെ താരം.