ലോകകപ്പ് യോഗ്യതയ്ക്ക് ഇന്ന് അവസാനം;ഹോളണ്ടിനും തുര്‍ക്കിക്കും നിര്‍ണ്ണായകം

ഹോളണ്ട് തോല്‍ക്കുന്ന പക്ഷം അവര്‍ക്ക് പ്ലേ ഓഫ് കളിച്ച് വേണം ഖത്തറിലെത്താന്‍

Update: 2021-11-16 09:22 GMT
ഖത്തര്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് അവസാനം. ഗ്രൂപ്പ് ഡി, ഇ, ജി എന്നിവരാണ് ഇന്ന് അവസാന വട്ട പോരാട്ടത്തിന് ഇറങ്ങുന്നത്. ഏറ്റവും നിര്‍ണ്ണായക പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് ജിയിലാണ്. ഹോളണ്ടും തുര്‍ക്കിയുമാണ് യോഗ്യത മാത്രം ലക്ഷ്യം വച്ച് ഇന്നിറങ്ങുന്നത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഓറഞ്ച് പടയ്ക്ക് 20 പോയിന്റാണുള്ളത്. അവരുടെ ഇന്നത്തെ എതിരാളിയാവട്ടെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ നോര്‍വെയും. നോര്‍വെയ്ക്ക് 18 പോയിന്റാണുള്ളത്. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് ഖത്തറിലേക്ക് യോഗ്യത നേടാം. രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കിക്കും 18 പോയിന്റാണുള്ളത്. തുര്‍ക്കിയുടെ പോരാട്ടം ഇന്ന് മൊണ്ടനെഗ്രോയ്‌ക്കെതിരാണ്. ഇന്ന് ജയിച്ചാല്‍ തുര്‍ക്കിയ്ക്കും യോഗ്യത നേടാം. നോര്‍വെയും തുര്‍ക്കിയും ജയിക്കുന്ന പക്ഷം ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ഒരു ടീം യോഗ്യത നേടും. ഹോളണ്ട് തോല്‍ക്കുന്ന പക്ഷം അവര്‍ക്ക് പ്ലേ ഓഫ് കളിച്ച് വേണം ഖത്തറിലെത്താന്‍. മികച്ച ഗോള്‍ ശരാശരി ഓറഞ്ച് പടയ്ക്ക് മുതല്‍ കൂട്ടാവും.


ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ് നേരത്തെ യോഗ്യത ഉറപ്പിച്ചതാണ്. ഫ്രാന്‍സിന്റെ ഇന്നത്തെ എതിരാളി ഫിന്‍ലാന്റാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫിന്‍ലാന്റ് ഫ്രാന്‍സിനെ വീഴ്ത്തി പ്ലേ ഓഫ് യോഗ്യതയ്ക്കായാണ് ഇന്ന് ഇറങ്ങുന്നത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഉക്രെയ്ന്‍ ബോസ്‌നിയയെ നേരിടും. ഉക്രെയ്‌നും പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.


ഗ്രൂപ്പ് ഇയില്‍ നിന്ന് ബെല്‍ജിയം നേരത്തെ യോഗ്യത നേടിയിട്ടുണ്ട്. ബെല്‍ജിയത്തിന്റെ ഇന്നത്തെ എതിരാളി വെയ്ല്‍സാണ്. ബെല്‍ജിയത്തെ അട്ടിമറിച്ച് പ്ലേ ഓഫ് തന്നെയാണ് വെയ്ല്‍സിന്റെയും ലക്ഷ്യം.ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് എസ്റ്റോണിയയുമായി ഏറ്റുമുട്ടും. ചെക്കിനും ലക്ഷ്യം പ്ലേ ഓഫ് ആണ്. എല്ലാ മല്‍സരങ്ങളും നാളെ പുലര്‍ച്ചെ 1.15ന് നടക്കും. ഇന്നത്തെ മല്‍സരങ്ങള്‍ അവസാനിക്കുന്നതോടെ യോഗ്യതയ്ക്കായി പ്ലേ ഓഫ് കളിക്കേണ്ട ടീമുകളുടെ കാര്യത്തില്‍ തീരുമാനമാവും. ഈ മാസം 26നാണ് പ്ലേ ഓഫ് ഡ്രോ നടക്കുന്നത്.




Tags:    

Similar News