ഇറ്റലിയില്‍ പുതിയ നിയമം; യുവന്റസിന് വിലക്ക് വന്നേക്കും
എന്നാല്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നിവര്‍ പിന്‍മാറിയിരുന്നില്ല.
ടൂറിന്‍: യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയ യുവന്റസിനെ സീരി എയില്‍ നിന്ന് വിലക്കാന്‍ സാധ്യതയുള്ള നിയമത്തിന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകാരം നല്‍കി. ഇറ്റാലയിന്‍ സീരി എയോട് മല്‍സരിക്കാന്‍ നില്‍ക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുന്ന ക്ലബ്ബുകളെ വിലക്കുന്നതാണ് പുതിയ നിയമം. ദിവസങ്ങള്‍ക്കു മുമ്പ് രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ യുവന്റസ്, ഇന്റര്‍മിലാന്‍, എസി മിലാന്‍ എന്നിവര്‍ സമ്മതം മൂളിയിരുന്നു.
എന്നാല്‍ വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആറ് ക്ലബ്ബുകളും ഇന്ററും എസി മിലാനും സ്പാനിഷ് ലീഗിലെ അത്‌ലറ്റിക്കോ മാഡ്രിഡും പിന്‍മാറിയിരുന്നു. എന്നാല്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നിവര്‍ പിന്‍മാറിയിരുന്നില്ല. ഇതിനിടെയാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. ലീഗില്‍ പങ്കെടുക്കുന്നവരെ ചാംപ്യന്‍സ് ലീഗില്‍ നിന്നും ലോകകപ്പില്‍ നിന്നും വിലക്കുമെന്ന് യുവേഫായും ഫിഫയും അറിയിച്ചിരുന്നു. യുവന്റസ് ലീഗില്‍ നിന്ന് പിന്‍മാറാത്ത പക്ഷം ക്ലബ്ബിന് സീരി എയില്‍ വിലക്ക് വരാന്‍ സാധ്യതയുണ്ട്. ക്ലബ്ബുകളുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.